നാടകീയസംഭവങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ മനിതി സംഘം മടങ്ങി; നിര്‍ബന്ധപൂര്‍വം തിരിച്ചയച്ചെന്ന് യുവതികള്‍; സ്വയം തിരികെപോയെന്ന് പൊലീസ്

0
4

പമ്പ: പത്ത് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണമെന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം പറഞ്ഞു.

അതേസമയം യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് എസ്പി അറിയിച്ചത്. ഏത് വിധേനയുമുള്ള സുരക്ഷ ഒരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യുവതികളെ അറിയിച്ചുവെന്നും എന്നാല്‍ അവര്‍ മടങ്ങാന്‍ തയ്യാറാവുകയായിരുന്നെന്നും പോലീസ് പറയുന്നു. മാത്രമല്ല സംഘം രണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ടിലും രണ്ട് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. രണ്ട് പ്രാവശ്യം തങ്ങളെ സംഘം ആക്രമിച്ചു എന്നാണ് ഇവരുടെ പരാതി.

എന്നാല്‍, പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം നേതാവായ ശെല്‍വി പറഞ്ഞു. ശബരിമല കയറാന്‍ വീണ്ടും തങ്ങള്‍ 11 പേരും എത്തുമെന്നും ശെല്‍വി വ്യക്തമാക്കി. പോലീസ് വാഹനത്തിലാണ് ഇവരെ നിലയ്ക്കല്‍ എത്തിക്കുക. തുടര്‍ന്ന് നിലയ്ക്കലില്‍ വെച്ച് സംഘം വന്ന വാഹനത്തിലേക്ക് ഇവരെ മാറ്റി തിരിച്ചയയ്ക്കും.

യുവതികളും പൊലീസും രണ്ട് രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വീണ്ടും പൊലീസിന്റെ വിശദീകരണം തേടി. എന്നാല്‍ സ്വന്തം തീരുമാനപ്രകാരമാണ് യുവതികള്‍ മടങ്ങിയത് എന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ആവര്‍ത്തിച്ചു. മനിതി സംഘം മടങ്ങിയെത്തിയാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിതി സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.30നാണ് മനിതി സംഘം ശബരിമല കയറാന്‍ പമ്പയിലെത്തിയത്. മലകയറി തുടങ്ങിയപ്പോഴേ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് എത്തി കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ശബരിമല ദര്‍ശനം നടത്താതെ പിന്മാറില്ലെന്നായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പോലീസ് പ്രതിഷേധ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി മനിതി സംഘത്തെ മല കയറ്റാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പമ്പയില്‍ നിന്നും അമ്പത് മീറ്റര്‍ കയറിയപ്പോഴേ പ്രതിഷേധവുമായി ഇരുന്നൂറിലധികം ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന് തിരികെ ഓടിയ സംഘം ഗാര്‍ഡ് റൂമില്‍ അഭയം തേടി. ഇവിടുന്ന് പിന്നീട് സംഘത്തെ പോലീസ് വാഹനത്തിലേക്ക് മാറ്റി. എസ്പിയും മനിതി സംഘവും പോലീസ് വാഹനത്തില്‍ അര മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സംഘം സ്വയം മടങ്ങാന്‍ തയ്യാറായെന്ന് എസ്പി അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് നിര്‍ബന്ധപൂര്‍വ്വം മടക്കി അയയ്ക്കുന്നതാണെന്ന് ആയിരുന്നു മനിതി സംഘം നേതാവ് ശെല്‍വിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here