കരിക്കും കവിതയുമായി അന്തിക്കാട്ട് സുഖേഷ്

0
7

വിജോ ജോര്‍ജ്

കരിക്കിന്‍ കച്ചവടം നടത്തുന്ന സുഖേഷ് അന്തിക്കാട്.

അന്തിക്കാട്: സെന്ററിലെ പഞ്ചായത്ത് ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് ഒരു കരിക്ക് കച്ചവടക്കാരനുണ്ട് അന്തിക്കാട്ട് പറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന്‍ സുഖേഷ് അന്തിക്കാട്. ഇദ്ദേഹം നാട്ടുകാര്‍ക്ക് സുപരിചിതനാണ്. എന്നാല്‍ ഒരു കവി കൂടിയാണ് സുഖേഷ് എന്ന് തിരിച്ചറിഞ്ഞവര്‍ വിരളം.
കരിക്ക് വെട്ടുന്നതിനിടയില്‍ താളത്തില്‍ നീളത്തില്‍ ഈണത്തില്‍ സുഖേഷ് കവിത ചൊല്ലും. പതിനെട്ടാമത്തെ വയസില്‍ ആരംഭിച്ചതാണെങ്കിലും നാല്‍പത്തിയൊന്നാം വയസിലെത്തി നില്‍ക്കുമ്പോഴും എഴുതിയത് അഞ്ച് കവിതകള്‍ മാത്രം,
പാപ ജന്മം, എന്റെ അമ്മ, ആദിവാസി, വിഷം, മക്കളില്ലാത്ത അമ്മ എന്നിവയാണ് കവിതകള്‍. എഴുതി തുടങ്ങിയ കാലത്ത് പ്രോത്സാഹനത്തിന് പകരം കളിയാക്കലുകള്‍ നിറഞ്ഞ തോടെ മനം മടുത്തു പിന്‍ വാങ്ങി.
പിന്നീട് അയല്‍വാസിയും കൂട്ടുകാരനുമായ മന്‍സൂര്‍ മാനങ്ങത്ത് പറമ്പില്‍ പാപ ജന്മങ്ങള്‍ എന്ന കവിത വായിക്കാനിടയാവുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് മനസിനൊരു അംഗീകാരമായി മാറുകയായിരുന്നു സുഖേഷിന്.
കുടുംബം പോറ്റാന്‍ വ്യത്യസ്ഥ ജോലികളിലേര്‍പെട്ടു. ടില്ലര്‍പൂട്ടുകാരന്‍, സ്വര്‍ണ്ണ പണിക്കാരന്‍, കിണര്‍പണിക്കാരന്‍, സി.ഐ.ടി.യു യൂണിയനില്‍പെട്ട ചുമട്ടുതൊഴിലാളി, ഒടുവില്‍ കരിക്ക് കച്ചവടം. കരിക്കിനായി എത്തുന്ന സമാനമനസ്‌ക്കരായവര്‍ക്ക് മുന്നില്‍ കവിയായി വേഷപകര്‍ച്ച നേടുകയാണ് ഇദ്ദേഹം. വിഷം എന്ന കവിതയില്‍ സമൂഹത്തില്‍ അടിക്കടി വര്‍ദ്ധിച്ചു വരുന്ന സര്‍വ്വവ്യാപിയായ ആര്‍ത്തിയെ കുറിച്ച് കവി വ്യാകുലപെടുന്നുണ്ട്. ജാതി മത വര്‍ഗീയ ചിന്തകള്‍ സമൂഹത്തിലുയര്‍ത്തുന്ന പിശകുകളെ കുറിച്ചും കവി ആശങ്ക പങ്കിടുന്നു. താന്‍ അനുഭവിച്ചതും കണ്ടറിഞ്ഞതുമായ കാര്യങ്ങളാണ് കുറിക്കുന്ന കവിതകളെല്ലാം, സത്യന്‍ അന്തിക്കാടിന്റെ വീടിന്റെ മുമ്പിലെ പഞ്ചായത്ത് റോഡിലൂടെ അവരവരുടെ ദൈനംദിന ജീവിത പ്രാരാബ്ധങ്ങളുമായി നടന്ന് പോയ പല സാധാരണക്കാരെയും നമ്മള്‍ വെള്ളിതിരയില്‍ കണ്ട് അത്ഭുതം കൂറിയെങ്കില്‍ കവിയായ ഈ സാധാരണക്കാരനായ സുഖേഷ് അന്തിക്കാടില്‍ നിന്ന് നമുക്ക് ഏറെ പ്രതീക്ഷിക്കാം. അമ്മ കൊച്ചുകുട്ടി, ഭാര്യ: ദിവ്യ, മക്കള്‍: അമല്‍ദേവ്, ആദിദേവ് എന്നിവരടങ്ങുന്ന കുടുംബം.

 

LEAVE A REPLY

Please enter your comment!
Please enter your name here