നാളികേരോല്‍പന്നങ്ങള്‍ നേട്ടത്തിലേക്ക്; കുരുമുളകു വിപണി വീണ്ടും ഉണരുന്നു

0
10

കമോഡിറ്റി റിവ്യൂ- കെ ബി ഉദയ ഭാനു

കൊച്ചി: കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തിയത് നാളികേരോല്‍പ്പന്നങ്ങള്‍ക്ക് നേട്ടമാക്കും. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ അന്താരാഷ്ട്ര കുരുമുളക് വിപണി വീണ്ടും ഉണരും. ആഭ്യന്തര വാങ്ങലുകാര്‍ വില ഉയര്‍ത്തി ചുക്ക് വാങ്ങി. വ്യവസായികള്‍ റബര്‍ വില താഴ്ത്തി. പവന് നാന്നൂറ് രൂപയുടെ മുന്നേറ്റം.

കേന്ദ്രം കൊപ്രയുടെ താങ്ങ് വിലയില്‍ വന്‍ വര്‍ദ്ധന വരുത്തിയത് കേരളത്തിലെ മുപ്പത്തി അഞ്ച് ലക്ഷം വരുന്ന നാളികേര കര്‍ഷകര്‍ക്ക് നേട്ടം പകരും. കാര്‍ഷിക ചിലവുകള്‍ ഉയരുന്ന അവസരത്തില്‍ താങ്ങ് വില പുതുക്കിയത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കേന്ദ്രം കൊപ്രയുടെ താങ്ങ് വില ക്വിന്റ്റലിന് 7511 രൂപയില്‍ നിന്ന് 9521 രുപയാക്കി.

ക്രിസ്തുമസ് വേളയില്‍ എണ്ണ നീക്കം കുറച്ച് തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികള്‍ വിപണി വില ഉയര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ കൊപ്രയുടെ താങ്ങ് വില പുതുക്കിയ വിവരം വിലക്കയറ്റം ശക്തമാക്കി. അതേ സമയം കൊപ്രയുടെ വിപണി വില 10,800 രൂപയാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 15,000 ല്‍ നിന്ന് 16,100 രൂപയായി. മാസാരംഭ വേളയായതിനാല്‍ എണ്ണയ്ക്ക് ഡിമാണ്ട് ഉയരും. പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് തുടങ്ങി.
ക്രിസ്തുമസ് വേളയിലും കൂടുതല്‍ റബര്‍ വിപണിയില്‍ ഇറങ്ങിയത് വിലക്കയറ്റത്തിന് തടസമായി. ലഭ്യത ഉയര്‍ന്നതോടെ ടയര്‍ കന്പനികള്‍ താഴ്ന്ന നിരക്കിലെ ക്വട്ടേഷന്‍ ഇറക്കി. ആര്‍ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് വില 100 രൂപ കുറഞ്ഞ് 12,350 രൂപയായി. അഞ്ചാം ഗ്രേഡ് 12,000 രൂപയിലും ലാറ്റക്‌സ് 8700 രൂപയിലുമാണ്.

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ അന്താരാഷ്ട്ര കുരുമുളക് വിപണി വീണ്ടും ഉണരും. അമേരിക്കന്‍ ബയ്യര്‍മാരും യുറോപ്യന്‍ വാങ്ങലുകാരും വാരമധ്യം പിന്നിടുന്നഗതാടെ രംഗത്ത് തിരിച്ച് എത്തും. ഉത്തരേന്ത്യന്‍ ആവശ്യം കുറഞ്ഞതിനാല്‍ കുരുമുളക് വില 200 രൂപ താഴ്ന്നു. ഗാര്‍ബിള്‍ഡ് മുളക് 38,600 രൂപയില്‍ വ്യാപാരം അവസാനിച്ചു. അടുത്തവാരം വാങ്ങലുകാര്‍ തിരിച്ച് എത്തുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍. സീസണ്‍ അടുത്തതിനാല്‍ ചരക്ക് സംഭരണതോത് പലരും കുറക്കാന്‍ ഇടയുണ്ട്.
ബ്രസീലില്‍ കുരുമുളക് വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. വര്‍ഷാവസാനം ബ്രസീലില്‍ നിന്ന് ടണ്ണിന് 2200 ഡോളറിന് ക്വട്ടേഷന്‍ ഇറക്കി. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 5700 ഡോളറാണ്.
ഏലക്ക മികവ് നിലനിര്‍ത്തി. ഉത്സവ അവധി മൂലം ഇടപാടുകാര്‍ ലേലങ്ങളില്‍ നിന്ന് അകന്നത് വിലക്കയറ്റത്തിന് തടസമായി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം വാങ്ങലുകാര്‍ ലേലങ്ങളില്‍ പിടിമുറുക്കാം. ജനുവരിയില്‍ ഏലക്ക കിലോ 1234 രൂപയിലായിരുന്നു. ആഗസ്റ്റിലെ മഴയില്‍ ഏലക്ക കൃഷിക്ക് നേരിട്ട തിരിച്ചടികള്‍ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഒരവസരത്തില്‍ റെക്കോര്‍ഡായ 2227 രൂപ വരെ ഏലക്ക വില കയറി. വാരാന്ത്യം ശാന്തപാറയില്‍ കിലോ 1603 രൂപയിലാണ്.

ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ ചുക്ക് സ്റ്റോക്ക് കുറവാണെങ്കിലും വിദേശ ഓര്‍ഡറുകളുടെ അഭാവം കയറ്റുമതികാരെ പിന്‍തിരിപ്പിച്ചു. മീഡിയം ചുക്ക് 19,500 ലും ബെസ്റ്റ് ചുക്ക് 20,500 രൂപയിലും വ്യാപാരം നടന്നു.

കേരളത്തില്‍ സ്വര്‍ണ വില പവന് 400 രൂപ വര്‍ധിച്ചു. 23,160 രൂപയില്‍ നിന്ന് പവന്‍ 23,560 ലേയ്ക്ക് കയറി. ഒരു ഗ്രാമിന് വില 2945 രൂപ. രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1257 ഡോളറില്‍ നിന്ന് 1280 ഡോളറായി. ഡോളറിന് നേരിട്ട തളര്‍ച്ച നിക്ഷേപകരെ മഞ്ഞലോഹത്തിലേയ്ക്ക് അടുപ്പിച്ചു. പുതു വര്‍ഷത്തില്‍ 1300 ഡോളറിന് മുകളില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്വര്‍ണം.

LEAVE A REPLY

Please enter your comment!
Please enter your name here