സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

0
8
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം തൃ ശൂരിലെ സ്വകാര്യ ആശുപത്രിയില്‍

തൃശൂര്‍: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ എത്തിയ സൈമണ്‍ ബ്രിട്ടോയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. 2006-2011 വരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നിയമസഭാംഗമായിരുന്നു. രണ്ട് നോവലുകളടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സീന ഭാസ്‌കറാണ് ഭാര്യ.

ക്യാംപസ് അക്രമരാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983ല്‍ മഹാരാജാസ് കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അന്ന് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് സൈമണ്‍ ബ്രിട്ടോയെ കെ.എസ്.യു പ്രവര്‍ത്തകര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. നട്ടെല്ലിന് കുത്തേറ്റതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് അദ്ദേഹത്തിന്റെ പില്‍ക്കാലത്തെ ജീവിതം വീല്‍ചെയറിലായിരുന്നു.

ശരീരം തളര്‍ന്നുവെങ്കിലും പ്രതിസന്ധികളില്‍ തളരാതെ രാഷ്ട്രീയ പ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് തന്നെ സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാവായി വളര്‍ന്ന വ്യക്തിയാണ് അദ്ദേഹം. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ പല പുസ്തകങ്ങളും പകര്‍ത്തി എഴുതിയിരുന്നത് അഭിമന്യു ആയിരുന്നു.

1954 മാര്‍ച്ച് 27ന് എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27-ന് ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി. മകള്‍: കയനില

LEAVE A REPLY

Please enter your comment!
Please enter your name here