ഇത്രയും വാശി വേണ്ടായിരുന്നു

0
8

ശബരിമല പ്രശ്‌നം അപ്രതീക്ഷിതമായ വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. എത്തിച്ചിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പൊലീസ് ഒത്താശയോടെ രണ്ട് യുവതികളെ രഹസ്യമായി സന്നിധാനത്ത് എത്തിച്ച് ദര്‍ശനം നടത്തുക വഴി വിശ്വാസി സമൂഹത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നു. വിജയകരമായി വനിതാമതില്‍ തീര്‍ത്തശേഷം സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു സാഹചര്യത്തിനു വഴിയൊരുക്കരുതായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 24-ാം തീയതി ദര്‍ശനം നടത്താന്‍ ശബരിമല കയറി പ്രതിഷേധം മൂലം തിരിച്ചിറങ്ങിപ്പോയ കനകദുര്‍ഗ്ഗ, ബിന്ദു എന്നീ യുവതികളാണ് ക്ഷേത്രം ജീവനക്കാര്‍ പ്രവേശിക്കുന്ന വാതിലിലൂടെ സന്നിധാനത്ത് എത്തിയത്. കൊച്ചിയില്‍ നിന്നും കഴിഞ്ഞ ദിവസം ശബരിമല എത്തുന്നതുവരെയും ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്നതുവരെയും ഈ യുവതികള്‍ക്കും ഒപ്പമുണ്ടായിരുന്ന കൂട്ടാളികള്‍ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. ലക്ഷോപലക്ഷം വിശ്വാസികള്‍ക്ക് ഹൃദയനൊമ്പരം ഉണ്ടാക്കുന്ന ഇത്തരമൊരു ഹീനകൃത്യം വാശിയോടെ നടപ്പാക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ ധാര്‍മ്മികമായി അധഃപതിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി പ്രാബല്യത്തില്‍ വരുത്താന്‍ ബാധ്യതയുണ്ടായിരുന്നു എന്ന് ഗവണ്‍മെന്റും ഭരണകക്ഷി നേതാക്കളും വാദിച്ചേക്കാം. ആ വിധി വന്നിട്ട് മൂന്നര മാസം കഴിഞ്ഞു. ശബരിമലയിലെ സുപ്രധാനമായ മണ്ഡലമഹോത്സവം കഴിഞ്ഞു. ഇതുവരെ നടപ്പാക്കാന്‍ കഴിയാതെ വന്നത് ആചാരസംരക്ഷണത്തില്‍ വിശ്വസിക്കുന്ന ഭക്തലക്ഷങ്ങളുടെ കടുത്ത എതിര്‍പ്പ് മൂലമായിരുന്നു. ഇതിനകം അനേകം യുവതികള്‍ ഒറ്റയ്ക്കും കൂട്ടായും ശബരിമല ദര്‍ശനത്തിന് വിഫലശ്രമം നടത്തി. വിശ്വാസികളുടെ എതിര്‍പ്പ് മൂലം അവര്‍ക്കെല്ലാം പിന്‍തിരിയേണ്ടി വന്നു. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കി ആചാര വിശ്വാസങ്ങളില്‍ മാറ്റം വരുത്താന്‍ ഏറെ കാലമെടുക്കും. ആചാരം മാറ്റപ്പെടേണ്ടതായിരിക്കാം. എന്നാല്‍ ജനങ്ങളെ അത് ബോദ്ധ്യപ്പെടുത്തണം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കി. മീ. നീണ്ട വനിതാ മതില്‍ നിര്‍മ്മിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ നടത്തിയ പരിശ്രമം ഒരു പരിപാടി എന്ന നിലയില്‍ വന്‍ വിജയമായിരുന്നു. അതിന്റെ ഫലം ജനങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും ഉളവായിട്ടുണ്ടാകണം.

എന്നാല്‍ മതില്‍ നിര്‍മ്മിച്ച് നേരം ഇരുട്ടിവെളുക്കും മുന്‍പേ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാര വിപ്ലവം നടത്തിക്കളയാം എന്ന തീരുമാനം അവിവേകമായിപ്പോയി. ഇത് നീതിനിര്‍വ്വഹണത്തിനുംആചാരപരിഷ്‌ക്കരണത്തിനും സ്ത്രീ സമത്വ വാദത്തിനും ഉപരി രാഷ്ട്രീയ മത്സരമായി മാത്രമേ നിഷ്പക്ഷമതികള്‍ക്ക് കാണാന്‍ പറ്റൂ. അതുകൊണ്ടാണ് സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ച നിമിഷം മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അണപൊട്ടിയ പ്രതിഷേധം അക്രമമായും വന്‍ സംഘര്‍ഷമായും മാറിയത്. 2019-ലെ ആദ്യത്തെ സംസ്ഥാന ഹര്‍ത്താലും ജനങ്ങള്‍ ഇന്ന് നേരിടുകയാണ്. ഭരണകൂടം അവധാനതയോടെ സ്വീകരിക്കേണ്ട നടപടി വൈകാരികാവേശത്തോടെ ഏറ്റെടുത്താല്‍ സംഭവിക്കുന്നത് എന്തോ അതാണ് ഇപ്പോള്‍ കേരളം കാണുന്നത്. ഇത് വേണ്ടിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here