കണ്ണൂരില്‍ അശാന്തിയുടെ നാളുകള്‍ വീണ്ടും വരവായോ?

0
19

കണ്ണൂര്‍: അശാന്തിയുടെ നാളുകള്‍ വീണ്ടും വരവായോ? ജില്ലയിലെ കഴിഞ്ഞ ദിവസങ്ങളിലെ അക്രമ സംഭവങ്ങള്‍ കാണുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ജനങ്ങളുടെ നാവിന്‍ തുമ്പത്ത് ഉയരുന്ന ചോദ്യമിതാണ്. തലങ്ങും വിലങ്ങും ഓടുന്ന പൊലീസ് വാഹനങ്ങള്‍, കാതടപ്പിക്കുന്ന, ശബ്ദത്തില്‍ സൈറണ്‍ മുഴക്കി മരണ ഓട്ടം നടത്തുന്ന ആംബുലന്‍സുകള്‍, ആശുപത്രികളില്‍ പരിക്കേറ്റവരെ തേടി അലയുന്ന ബന്ധുക്കള്‍.. അക്രമികളെ ഭയന്നു ബന്ധുവീടുകളില്‍ അഭയം തേടുന്ന വീട്ടുകാര്‍ ….. ഇതൊക്കെ വീണ്ടും അശാന്തിയുടെ നാളുകളിലേക്കു വിരല്‍ ചൂണ്ടുകയാണ്.
സാധാരണ ജനത്തിന്നു മാത്രമല്ല നേതാക്കളിലേക്കൂടി അക്രമങ്ങളുടെ കഠാര മുന തിരിഞ്ഞിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ശബരിമലയിലെ സംഭവ പരമ്പരകള്‍ക്കു ശേഷമാണ് അല്‍പ്പകാലം ശാന്തതയിലായിരുന്ന ജില്ലയെ പൊടുന്നനവെ സംഘര്‍ഷഭരിതമാക്കിയിരിക്കുന്നത്. പൊലീസും സമാധാന പ്രേമികളും നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍. തീവെപ്പും എതിരാളികളുടെ സ്വത്തുവഹകള്‍ നശിപ്പിക്കലും ഒരിക്കല്‍ കൂടി അരങ്ങു തകര്‍ക്കാനുള്ള തുടക്കമാണ്.
സംഘര്‍ഷങ്ങളുടെ കേന്ദ്ര ബിന്ദു തലശേരി താലൂക്ക് ആയി മാറിയ അനുഭവം. പ്രത്യേകിച്ച് തലശ്ശേരിയും പരിസരവും. മുമ്പൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇത്തവണത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു കൈവന്നിരിക്കുന്നു. വീടുകള്‍ക്കു നേരെയുള്ള കനത്ത അക്രമങ്ങള്‍. വാതിലുകള്‍ വെട്ടിപൊളിച്ചു അകത്തുകയറി കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ക്കുക മാത്രമല്ല ചെയ്യുന്നത്. വൃദ്ധരും രോഗികളുമായവരേയും കുട്ടികളെ പോലും അക്രമികള്‍ ഒഴിവാക്കാത്ത അനുഭവമാണ്. ലക്ഷങ്ങളുടെ നഷ്ടമാണു ഓരോ വീടിനും സംഭവിക്കുന്നത്. വീട്ടുപകരണങ്ങളില്‍ മിക്കതും നശിപ്പിക്കപ്പെടുന്നു. തീര്‍ത്തും അനാഥമാക്കുന്ന അവസ്ഥ. ഈ സ്ഥിതിയില്‍ രാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കുന്ന വീട്ടുകാര്‍ ഒട്ടേറേ. പലരും കൂട്ടുകുടുംബമായി ജീവിതം കഴിക്കുന്നവരാണ്. അതില്‍ ബി.ജെ.പി.യും മാര്‍ക്‌സിസ്റ്റും കോണ്‍ഗ്രസുമെല്ലാമുണ്ട്. അവര്‍ രാഷ്ട്രീയത്തിന് ഉപരിയായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരത്രെ. അക്രമികളെ അക്രമിച്ചു തന്നെ പകരം വീട്ടാനുള്ള മനഃസ്ഥിതിയാണു അവരില്‍ പലര്‍ക്കും. അതിന്റെ നാന്ദി തലശേരിയില്‍ ഉയര്‍ന്നുകഴിഞ്ഞതായാണു കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങള്‍. അക്രമികള്‍ക്ക് നിമിഷങ്ങള്‍ക്കകം അതെ നാണയത്തില്‍ തിരിച്ചടി നല്‍കുക എന്നതാണു ഈ ശൈലി. അതാണു വെള്ളിയാഴ്ച രാത്രി ചിലേടങ്ങളില്‍ കണ്ടതും. പകരം വീട്ടാന്‍ അവര്‍ ആരുടേയുനിര്‍ദ്ദേശത്തിനു കാത്തിരിക്കുകയോ നേതൃത്വത്തിന്റെ അനുമതി തേടുകയോ ചെയ്തില്ല. ശത്രുവെന്നു കരുതുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കകം തിരിച്ചടി നല്‍കുകയായിരുന്നു.
വരും നാളുകളില്‍ പകപോക്കല്‍ നടപടികള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്നാണ് ജനങ്ങളുടെ ഭയം. ഉത്സവങ്ങളും വിവാഹവസരങ്ങള്‍ പോലും പക വീട്ടലിനു മുന്‍പൊക്കെ വേദികളായിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചുകൂടായ്കയില്ല എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു. അതാകട്ടെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ നിന്നു കൈവിടാനുള്ള സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ തലശ്ശേരിയിലെ വ്യാപാരി വ്യവസായി സമൂഹവും ദു:ഖിതരാണ്. പ്രളയകെടുതികള്‍ക്കുശേഷം ബിസിനസ് അല്‍പ്പം പച്ച പിടിച്ചു വരുമ്പോഴാണു താലൂക്ക് മൊത്തം സംഘര്‍ഷഭരിതമാകുന്നത്. അത് വീണ്ടും മാന്ദ്യത്തിലെക്കും അരക്ഷിതത്വത്തിലേക്കും വഴി തുറക്കുകയാണ്.
നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ രാഷ്ട്രീയ നേതൃത്യങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കുക അത്ര എളുപ്പമല്ല. കണ്ണിനു കണ്ണ് എന്ന ചിന്താഗതിയിലേക്ക് സ്ഥിതിഗതികള്‍ വഷളാവുന്നതിനു മുന്‍പ് നിയന്തിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തിരുണ്ട താവും. ഓര്‍ക്കുക: അരനൂറ്റാണ്ടു മുന്‍പുള്ള ‘കറുത്ത തലശ്ശേരി’യെ.

LEAVE A REPLY

Please enter your comment!
Please enter your name here