മലയാളിയുടെ ഇഷ്ടമത്സ്യം മത്തിക്കു ഭീഷണിയായി എല്‍നിനോ; മത്തി കേരളതീരം വിടുന്നു

0
8

തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ കേരള തീരത്തു മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)ത്തിന്റെ റിപ്പോര്‍ട്ട്. സമുദ്രജലത്തിന് ചൂടേറുന്ന എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മലയാളിയുടെ ഇഷ്ടമത്സ്യമായ മത്തി കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ 60 വര്‍ഷത്തെ മത്തി ഉല്‍പാദനം പഠനവിധേയമാക്കിയതില്‍ നിന്ന് കേരള തീരത്തെ മത്തിലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നത് എല്‍നിനോ ആണെന്നാണ് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗത്തിന്റെ നിഗമനം. എല്‍നിനോ മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദന പ്രക്രിയയെയും സാരമായി ബാധിക്കുമെന്നും ഈ സമയത്ത് കേരള തീരങ്ങളില്‍ നിന്ന് മത്തി ചെറിയ തോതില്‍ മറ്റു തീരങ്ങളിലേക്കു പലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം.അബ്ദുസമദ് പറഞ്ഞു. ഇന്ത്യന്‍ തീരങ്ങളില്‍ എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നതു കേരള തീരത്താണ്.

മുന്‍വര്‍ഷങ്ങളില്‍ എല്‍നിനോയെ തുടര്‍ന്ന് വന്‍ തോതില്‍ ലഭ്യത കുറഞ്ഞെങ്കിലും 2017ല്‍ നേരിയ വര്‍ദ്ധനയുണ്ടായിരുന്നു. മത്തിസമ്പത്ത് പൂര്‍വസ്ഥിതിയിലെത്തും മുമ്പേ അടുത്ത എല്‍നിനോ ശക്തി പ്രാപിച്ചു വരുന്നതിനാലാണ് മത്തി ലഭ്യത വീണ്ടും കുറയാനിടയാക്കുന്നത്.

2012 ല്‍ കേരളത്തില്‍ റെക്കോഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എല്‍നിനോയുടെ വരവോടെ ഒരോ വര്‍ഷവും ലഭ്യതയില്‍ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രമായതോടെ 2016ല്‍ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. എല്‍നിനോയുടെ ശക്തി കുറഞ്ഞ 2017ല്‍ മത്തിയുടെ ലഭ്യത നേരിയ തോതില്‍ കൂടി. കഴിഞ്ഞ വര്‍ഷം വീണ്ടും കുറഞ്ഞു. വരും വര്‍ഷങ്ങളില്‍ എല്‍നിനോ ശക്തമാകുന്നതോടെ മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടാകും.

പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടു പിടിപ്പിക്കുന്നതും ആഗോള കാലാവസ്ഥയെ സ്വാധീനിക്കാന്‍ പോന്നതുമാണ് എല്‍നിനോ പ്രതിഭാസം.

LEAVE A REPLY

Please enter your comment!
Please enter your name here