പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു; ഇന്നും നാളെയും കേരളം നിശ്ചലമാകും

0
18

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. ജനജീവിതത്തെ സാരമായി ബാധിച്ചതോടെ ഇന്നും നാളെയും കേരളം ഫലത്തില്‍ നിശ്ചലമാകാനാണ് സാധ്യത.

പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു തന്നിരുന്നുവെങ്കിലും ട്രെയിന്‍ ഗതാഗതമടക്കം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ പണിമുടക്കാണ് അനുഭവപ്പെടുന്നത്.

തീവണ്ടി ഗതാഗതം താറുമാറായി. വിവിധ ജില്ലകളില്‍ ഗതാഗതം സ്തംഭിപ്പിച്ചതോടെ മണിക്കൂറുകളോളം വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്. ട്രെയിനുകള്‍ തടഞ്ഞാണ് സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങിയത്. തിരുവന്തപുരത്ത് വേണാട് എക്‌സ്പ്രസ് ഒന്നരമണിക്കൂറും, ജനശതാബ്ദി, രപ്തി സാഗര്‍ എക്‌സ്പ്രസുകള്‍ അരമണിക്കൂറും തടഞ്ഞു. സംയുക്തട്രേഡ് യൂണിയന്‍ തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയില്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. കോഴിക്കോട് മംഗലാപുരം ചെന്നൈമെയില്‍ അരമണിക്കൂര്‍ തടഞ്ഞു. പാലക്കാട്, തിരൂര്‍, ആലപ്പുഴ, കായംകുളം തുടങ്ങിയ സ്റ്റേഷനുകളിലും തീവണ്ടി ഗതാഗതം സ്തംഭിപ്പിച്ചു. വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

നിലയ്ക്കല്‍, എരുമേലി, പമ്പ, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. മുഴുവന്‍ ബസുകളും പ്രധാന ഡിപ്പോകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പമ്പയിലേക്കുള്ള ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റ് സര്‍വ്വീസുകള്‍ എല്ലാം തന്നെ നിര്‍ത്തിവച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്,പാലക്കാട് തുടങ്ങി മറ്റു ഡിപ്പോകളിലും ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്ത് എവിടെയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്‌സി സര്‍വ്വീസുകളും നിശ്ചലമാണ്.

മലപ്പുറം മഞ്ചേരിയിലുള്‍പ്പടെ വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വ്യാപാരികള്‍ കട തുറക്കുന്നതിനിടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളെത്തി. വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും കടകള്‍ അടപ്പിക്കുകയുമായിരുന്നു. പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്നായിരുന്നു വ്യാപാരികളുടെ പരാതി. കൊച്ചിയിലും,കോഴിക്കോടും വ്യാപാരമേഖല സജീവമായപ്പോള്‍ തിരുവനന്തപുരത്ത് കടകള്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്.

പണിമുടക്കിനെ പ്രതിരോധിക്കാന്‍ ഉറച്ച വ്യാപാരമേഖലയുടെ തീരുമാനം വലിയ രീതിയില്‍ ഫലം കണ്ടത് കൊച്ചിയിലും കോഴിക്കോടുമായിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ പൊലീസ് സംരക്ഷണത്തില്‍ കടകള്‍ തുറന്നു. കൊച്ചി ബ്രോഡ്‌വേയിലും ജില്ലാ കളക്ടര്‍ തന്നെ നേരിട്ടെത്തി കടകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി. എന്നാല്‍ തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റ് ഉള്‍പ്പടെ നിശ്ചലമാണ്. ജീവനക്കാര്‍ എത്താന്‍ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ കടകള്‍ തുറക്കാനാകില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here