കത്തിക്കരിഞ്ഞനിലയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും

0
11

ആലപ്പുഴ: ഭര്‍തൃഗൃഹത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ 27കാരി യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാരും ബന്ധുക്കളും. കഴിഞ്ഞ ചൊവ്വാഴ്ച്ച വെളുപ്പിനെയാണ് ഭര്‍തൃഗൃഹത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ വെളിയനാട് കന്നങ്കരി അമ്പലംകുന്ന് വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജ്യോതിയുടെ (27) മൃതദേഹം കണ്ടെത്തിയത്.

ചേന്നങ്കരി വേണാട്ടുകാട് പാലയ്ക്കല്‍ചിറ കുഞ്ഞുമോന്‍-തങ്കമ്മ ദമ്പതികളുടെ മകളാണു മരിച്ച ജ്യോതി. 3 വയസ്സുള്ള ലയ ഏകമകളാണ്. യുവതിയുടെ അച്ഛന്റെ കുഞ്ഞുമോന്റെ പരാതിയെ തുടര്‍ന്നു രാമങ്കരി പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലെ റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനകളുടെ ഫലവും ലഭിച്ചാല്‍ മാത്രമെ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകു എന്നാണു രാമങ്കരി പൊലീസ് പറയുന്നത്.

യുവതിയുടെ ശരീരത്തില്‍ പെട്രോളിന്റെ അംശമുണ്ടെന്നും മൃതദേഹത്തിനു സമീപം കന്നാസിന്റെ അടപ്പും ലൈറ്ററും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ദുരൂഹതയുണ്ടെന്ന യുവതിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് കേസെടുത്തതായും ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിച്ചശേഷമേ, മരണകാരണം വ്യക്തമാകൂ എന്നും രാമങ്കരി എസ്ഐ ബി.ഷാജിമോന്‍ പറഞ്ഞു. രാമങ്കരി പൊലീസും ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. തഹസില്‍ദാര്‍ ആന്റണി സ്‌കറിയയുടെ മേല്‍നോട്ടത്തിലാണു പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ജ്യോതിയുടെ സംസ്‌കാരം കുടുംബവീടായ വേണാട്ടുകാട്ടില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. സംസ്‌കാരത്തില്‍ ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ പങ്കെടുത്തിരുന്നില്ല. ജലഗതാഗത വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ലാല്‍ജിയും ജ്യോതിയുടെയും പ്രണയവിവാഹമായിരുന്നു.

ജ്യോതി ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് കുടുംബവീടായ വേണാട്ടുകാട്ടിലെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇക്കാരണത്താല്‍ തന്നെ ജ്യോതിയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച നാട്ടുകാരും ബന്ധുക്കളും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here