ആരാണ് അനില്‍ ആന്റണി; രാഹുലിന്റെ വിശ്വസ്തനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കു വരുന്ന എ.കെ ആന്റണിയുടെ മകനെക്കുറിച്ച്

0
128

തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന കണ്‍വീനറായിയെത്തുമ്പോള്‍ കോണ്‍ഗ്‌സിനുള്ളില്‍ മക്കള്‍ രാഷ്ട്രീയമെന്നു ചൂണ്ടിക്കാട്ടിയുള്ള എതിര്‍പ്പുകള്‍ ഏറെയൊന്നുമില്ല. ഇനി എതിര്‍പ്പുണ്ടെങ്കില്‍തന്നെ ആരും പുറത്തേക്കു പറയുന്നില്ല. കാരണം തങ്ങള്‍ ഒതുക്കപ്പെടുമെന്നോ തഴയപ്പെടുമെന്നോയുള്ള ഭീതിതന്നെ. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ ഡിജിറ്റല്‍ മീഡിയാ സെല്‍ അദ്ധ്യക്ഷന്‍ ശശി തരൂരാണ് നിര്‍ദ്ദേശിച്ചത്. അനില്‍ ആന്റണി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്ന് തയ്യാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് പ്രയോജനപ്പെട്ടിരുന്നു.

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടു. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാന്‍ അനില്‍ ആന്റണി നടത്തിയ പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. ഫൈസലിനൊപ്പം സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രചരണം ഏറെ പ്രതികരണമുണ്ടാക്കി. ഇതിനൊപ്പം മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുമായും ഏറെ അടുപ്പമുണ്ട്. ഇവര്‍ക്ക ബിസിനസ് ബന്ധങ്ങളുമുണ്ട്. അഹമ്മദ പട്ടേലും ചിദംബരവും കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരും ആന്റണിയുടെ മകന് വേണ്ടി ചരട് വലികള്‍ നടത്തി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആന്റണിയെ പിണക്കാതിരിക്കാന്‍ കൂടെ കൂടി. ഇതോടെ അനിലിന്റെ വരവിനു തടസങ്ങളൊന്നുമില്ലാതായി.

ഈ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ പ്രചരണ വേദികളില്‍ അനില്‍ ഉണ്ടാകും. അതിന് ശേഷം രാജ്യസഭാ എംപിയായി ഡല്‍ഹിയിലേക്കു തിരിച്ചുചെല്ലുകയെന്നതാണ് ലക്ഷ്യം. ആന്റണി രാജ്യസഭാ അംഗമാണ് നിലവില്‍. ഈ ടേം പൂര്‍ത്തിയായാല്‍ പിന്നെ ആന്റണി മത്സരിക്കില്ല. ഇതിന് പകരം മകനെ രാജ്യസഭയിലേക്ക് പിന്‍ഗാമിയാക്കി മാറ്റും. ഇതിന് മുമ്പേ കേരളത്തിലെ അറിയപ്പെടുന്ന നേതാവായി അനില്‍ മാറുമെന്നാണ് സൂചന.

ഏതാണ്ട് ഒരു ദശാബ്ദം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പഠനകാലത്തു ആന്റണിയുടെ മകന്‍ അനിലും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മൊബൈല്‍ ടെക്നോളജി സംരംഭം ഏറെ ചര്‍ച്ചയായിരുന്നു. രാജ്യവ്യാപകമായി 1000 , 500 നോട്ടുകള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ഏറ്റവും ഉപഭോക്താക്കളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് നോ-കറന്‍സി വ്യവഹാരങ്ങള്‍ക്കായി രൂപപ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായിരുന്നു. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും ശ്രദ്ധേയമായ പണം കൈമാറ്റാനുള്ള ആപ്ലിക്കേഷനുകളില്‍ ഒന്നാണ് അനിലും സുഹൃത്തുക്കളും കൂടി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപം കൊടുത്ത ചില്ലര്‍ (Chillr ). ഇത്തരം ആപ്പുകളുമായി അമേരിക്കയിലും അനില്‍ നേട്ടമുണ്ടാക്കി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. നിരവധി അഴിമതി കേസുകളില്‍ കുടുങ്ങിയ കാര്‍ത്തിയുടെ വിശ്വസ്തരില്‍ ഒരാളാണ് ആന്‍ണിയുടെ മകന്‍. ഈ സൗഹൃദവലയങ്ങളെല്ലാം ഉപയോഗിച്ചാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായും അനില്‍ മാറുന്നത്.

ഡിജിറ്റല്‍ മീഡിയുടെ സാധ്യതകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലാണ് അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശം. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായി വഹിക്കുന്നതും അനില്‍ ആന്റണിയാണ്. രാഹുല്‍ ഗാന്ധിയാണ് ഈ ചുമതല ഏല്‍പ്പിച്ചത്. ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിയേയും ഫൈസല്‍ പട്ടേലിനെയും ഏല്‍പ്പിച്ചു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും അനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല. അമേരിക്കന്‍ സര്‍വകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്. കേരളത്തിലെ എന്‍ജിനീയറിങ് പഠനത്തിനു ശേഷം സ്റ്റാന്‍ഫഡില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ അനില്‍ ബിരുദം നേടി.

ഫൈസല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.എ ബിരുദധാരിയാണ്. ഇരുവര്‍ക്കുമൊപ്പം ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ സിലിക്കണ്‍വാലിയില്‍ നിന്നുള്ള വിദഗ്ധ സംഘവുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. യു.എസ് തെരഞ്ഞെടുപ്പില്‍ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിനു പിന്നിലും ഡിജിറ്റല്‍ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും സംഘവും പരീക്ഷിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here