അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

0
8

വട്ടവട: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന് സി.പി.എം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊട്ടക്കമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് വീടിന്റെ താക്കോല്‍ കൈമാറിയത്. ഇതോടൊപ്പം അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച വായനശാലയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. അഭിമന്യുവിന്റെ നാടായ വട്ടവടയില്‍ കൊട്ടക്കമ്പൂര്‍ റോഡിന് സമീപം പാര്‍ട്ടി വാങ്ങിയ സ്ഥലത്താണ് അഭിമന്യുവിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. 1256 ചതുരശ്ര അടി വലുപ്പത്തില്‍ നിര്‍മ്മിച്ച വീട്ടില്‍ മൂന്ന് കിടപ്പുമുറികളുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന് തറക്കല്ലിട്ടത്.

സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 72 ലക്ഷം രൂപയാണ് അഭിമന്യുവിന്റെ കുടുംബത്തിനായി പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചത്. അരലക്ഷം രൂപ ബാങ്കിന്റെ പലിശയിനത്തിലും ലഭിച്ചു. വീടുവയ്ക്കുന്നതിനായി കൊട്ടക്കമ്പൂരില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപ ചെലവഴിച്ചു. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപ നല്‍കി. മാതാപിതാക്കളുടെ തുടര്‍ ജീവിതത്തിന് 23,75,307 രൂപ സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

വട്ടവട പഞ്ചായത്തിന്റെ മൂന്നാം നിലയിലാണ് അഭിമന്യൂ മഹാരാജാസ് എന്ന പേരിലുള്ള ലൈബ്രറി. കേരളത്തിന് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാല്‍പ്പതിനായിരത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here