എസ്‌റ്റേറ്റുടമയും തൊഴിലാളിയും കൊല്ലപ്പെട്ട സംഭവം: സൂപ്പര്‍വൈസര്‍ക്കായി തിരച്ചില്‍ തുടരുന്നു; പ്രതിക്ക് ഒളിത്താവളമൊരുക്കിയ ദമ്പതികള്‍ കസ്റ്റഡിയില്‍

0
3

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാല്‍ നടുപ്പാറയിലെ ഏലത്തോട്ടത്തില്‍ ഉടമയേയും തൊഴിലാളിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൂപ്പര്‍വൈസര്‍ക്കായി വനത്തില്‍ തിരച്ചില്‍. കുരുവിളാ സിറ്റി സ്വദേശി എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ റോബിനായാണ് തിരച്ചില്‍. ഇയാള്‍ നാലു ദിവസം മുമ്പ് മാത്രമാണ് എസ്റ്റേറില്‍ ജോലിക്കെത്തിയത്.

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചേരീയാര്‍ കുന്തപ്പനച്ചേരിയിലെ ഒരു വീട്ടില്‍ റോബിന്‍ ഉണ്ടെന്ന് സൂചന ലഭിച്ചത്. എന്നാല്‍ പൊലീസെത്തുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഇവിടെനിന്നും രക്ഷപെട്ടു.

റോബിന്റെ കൈയില്‍ പരിക്കേറ്റിരുന്നെന്നും നേരത്തെ പരിചയമുണ്ടായിരുന്നതിനാലാണ് വീട്ടില്‍ താമസിപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ലന്നുമാണ് ദമ്പതികള്‍ പൊലീസില്‍ നല്‍കിയിട്ടുള്ളമൊഴി. രാജേഷിന്റെ പിതാവിന്റെ പേരില്‍ ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ തോക്ക് റിസോര്‍ട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ തോക്ക് ഉപയോഗിച്ചായിക്കാം രാജേഷിന് നേരെ നിറയൊഴിക്കപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്.

രാജേഷിന്റെ നെഞ്ചിലാണ് വെടിയേറ്റിട്ടുള്ളത്. വെടിയുണ്ട മറുപുറം തുളച്ച് പുറത്തുപോയതായിട്ടാണ് പൊലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിട്ടുള്ളത്. ഭാരമുള്ള ഇരുമ്പ് കമ്പിയോ ഇതുപോലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ ഉള്ള പ്രഹരത്താലാവാം മുത്തയ്യയുടെ തലതകര്‍ന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമീക നിഗമനം. മൃതദ്ദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ഇന്നലെ രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പൊലീസ് സര്‍ജ്ജന്‍ മൃതദ്ദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നിടത്തും.

മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ ഇന്നലെ ഫോറന്‍സിക് വിഭാഗം ഇന്നലെ പരിശോധനകള്‍ നടത്തിയിരുന്നു. റിസോര്‍ട്ടിന്റെ മുറ്റത്തുനിന്നും കാണാതായ ഡെസ്റ്റര്‍ കാര്‍ മുരിക്കുംതൊട്ടി മരിയഗൊരോത്തി പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.ഈ കാറും ഇന്ന് ഫോറന്‍ന്‍സിക് വിദഗ്ദ്ധര്‍ പരിശോധിക്കും. ഈ കാറില്‍ നിന്നും ലഭിക്കുന്ന ഫിംഗര്‍ പ്രിന്‍ന്റ് റോബിന്റെതാണെന്ന് തെളിഞ്ഞാല്‍ അത് അന്വേഷണത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ചിന്നക്കനാല്‍ നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ രാജേഷ് എന്ന ജേക്കബ് വര്‍ഗീസ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. റിസോര്‍ട്ടിലുണ്ടായിരുന്ന ഏലയ്ക്കയും ആഡംബര കാറും മോഷണം പോയതായി പോലീസ് അറിയിച്ചു. ഇതേ കാറില്‍ റോബിന്‍ നെടുങ്കണ്ടം ഭാഗത്തേക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

ഗ്യാപ് റോഡിന് അടിവാരത്തായി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മുറിക്കുള്ളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏലക്കാ സ്റ്റോറില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിലേക്ക് വലിച്ചിഴച്ച നിലയില്‍ രാജേഷിന്റെ മൃതദേഹവും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here