രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍

0
12

കൃഷ്ണിഗിരി: ശക്തരായ ഗുജറാത്തിനെ കീഴടക്കി രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയിലെത്തി. കേവലം രണ്ടര ദിനംകൊണ്ട് അവസാനിച്ച മത്സരത്തില്‍ ഗുജറാത്തിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ കേരള പേസര്‍മാര്‍ ചുരുട്ടിക്കെട്ടി കേരളത്തിനു സ്വപ്നവിജയം സമ്മാനിച്ചു.രണ്ടാമിന്നിങ്സില്‍ അഞ്ചുവിക്കറ്റ് ഉള്‍പ്പെടെ കളിയില്‍ എട്ടു വിക്കറ്റും ആദ്യ ഇന്നിങ്സില്‍ വിലപ്പെട്ട 37 റണ്ണും നേടിയ ബേസില്‍ തമ്പിയാണു മാന്‍ ഓഫ് ദ മാച്ച്.

വിദര്‍ഭ-ഉത്തരാഖണ്ഡ് ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിലെ വിജയികളെ കേരളം സെമിയില്‍ നേരിടും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തന്നെയാണ് സെമി പോരാട്ടം എന്നത് കേരളത്തിനു ആത്മവിശ്വാസം നല്‍കും. നാഗ്പൂരില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെതിരേ ആദ്യ ഇന്നിങ്സില്‍ കൂറ്റന്‍ ലീഡ് നേടിക്കഴിഞ്ഞ വിദര്‍ഭ തന്നെയാവും കേരളത്തിന്റെ സെമി എതിരാളികള്‍ എന്നത് ഏറെക്കുറെ ഉറപ്പാണ്. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് വിദര്‍ഭ. 2017-18 സീസണില്‍ കിരീടത്തിലേക്കുള്ള പ്രയാണത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെയാണു വിദര്‍ഭ മറികടന്നത്.

ഗുജറാത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം ടോട്ടല്‍ ഒന്‍പതില്‍ നില്‍ക്കെ ഓപ്പണര്‍ കഥന്‍ പട്ടേലിനെ ബേസില്‍ക്ല ീന്‍ ബൗള്‍ഡാക്കിയതോടെ ആരംഭിച്ച പതനം പത്താമന്‍ നഗ്വസ്വലയെ രാഹുലിന്റെ കൈകളിലെത്തിച്ച് സന്ദീപ് വാര്യര്‍ പൂര്‍ത്തിയാക്കി. ആറാം ഓവറില്‍ രണ്ടാം പന്തില്‍ കഥനും ആറാം പന്തില്‍ പഞ്ചലും ബേസിലിന്റെ പേസിനു മുന്നില്‍ വീണു. പിന്നാലെയെത്തിയ അവരുടെ നായകന്‍ പാര്‍ഥീവ് പട്ടേലിനെ കേരള നായകന്‍ സച്ചിന്‍ ബേബി നേരിട്ടുള്ള ത്രോയില്‍ റണ്‍ഔട്ടാക്കിയതോടെ കേരളം വിജയപ്രതീക്ഷയിലായി. പിന്നാലെ ഭട്ട് കൂടി സന്ദീപിന്റെ വേഗതയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞതോടെ പ്രതീക്ഷ ഇരട്ടിയായി. എന്നാല്‍ അവിടെ നിന്ന് ഗുജറാത്ത് പതുക്കെ കരകയറാന്‍ ശ്രമം തുടങ്ങി.

രാഹുല്‍ ഷായും ധ്രുവ് റാവലും ചേര്‍ന്ന കൂട്ടുകെട്ട് ഭീഷണിയുയര്‍ത്തിയെങ്കിലും വീണ്ടും ബേസില്‍ തമ്പി രക്ഷകനായി അവതരിച്ചു. സ്‌കോര്‍ 57-ല്‍ എത്തിയപ്പോള്‍ ധ്രുവ് റാവലിനെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദീന്റെ ഗ്ലൗസിലെത്തിച്ച് 39 റണ്‍സ് നീണ്ട കൂട്ടുകെട്ടിന് ബേസില്‍ അന്ത്യം കുറിച്ചു.
റൂഷ് കലാരിയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയും ബേസില്‍ തകര്‍ത്താടി. ഇതോടെ ആറിന് 59 എന്ന നിലയിലായി ഗുജറാത്ത്. പിന്നീടെത്തിയ അക്ഷര്‍ പട്ടേലിനെ സന്ദീപും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

വിക്കറ്റിന് പിന്നില്‍ അതിമനോഹരമായ ഒരു ക്യാച്ചിലൂടെ അസ്ഹറുദീന്‍ അക്ഷറിനെയും പവലിയനിലേക്കു മടക്കി. പിയൂഷ് ചൗളക്കും സന്ദീപിന്റെ പേസിനു മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ഓഫ് സ്റ്റമ്പ് തകര്‍ന്ന് പിയൂഷും മടങ്ങി. തൊട്ടുപിന്നാലെ ഗജയെ ബേസില്‍ വിനൂപിന്റെ കൈകളിലെത്തിച്ചു. അപ്പോഴെല്ലാം മൂന്നാമനായിറങ്ങിയ രാഹുല്‍ ഷാ മറുഭാഗത്തു പിടികൊടുക്കാതെ നില്‍ക്കുകയായിരുന്നു. പത്താമന്‍ നഗ്വാസ്വാലയെ കൂട്ടുപിടിച്ച് ചെറുത്ത് നില്‍ക്കാന്‍ രാഹുല്‍ ശ്രമം നടത്തിയെങ്കിലും 32-ാം ഓവറിലെ മൂന്നാം പന്തില്‍ സന്ദീപിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച നഗ്വാസ്വാല രാഹുലിന്റെ കൈകളില്‍ അവസാനിച്ചു.

12 ഓവറില്‍ 27 റണ്‍ വഴങ്ങി ബേസില്‍ അഞ്ച് വിക്കറ്റും 13.3 ഓവറില്‍ 30 റണ്‍ വഴങ്ങി സന്ദീപ് നാലു വിക്കറ്റും പിഴുതാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്കു കൈപിടിച്ചു കയറ്റിയത്. ഗുജറാത്ത് രണ്ടാം ഇന്നിങ്സില്‍ രാഹുല്‍ ഷായും ധ്രുവ് റാവലും മാത്രമാണ് രണ്ടക്കം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here