മാന്ദാമംഗലം പള്ളിയില്‍ കല്ലേറ്, സംഘര്‍ഷം; ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരുക്ക്

0
30

തൃശൂര്‍: മാന്ദാമംഗലത്ത് അവകാശത്തര്‍ക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ കല്ലേറും സംഘര്‍ഷാവസ്ഥയും. ഇന്നലെ രാത്രിയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്ക്. യാക്കോബായക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് കൂട്ടരും പരസ്പരം കല്ലെറിയുകയായിരുന്നു. പള്ളിക്കും കേടുപാടു പറ്റിയിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഓര്‍ത്തഡോക്സുകാരെ പള്ളി പരിസരത്ത് നിന്ന് പൊലീസ് ഒഴിപ്പിച്ചു. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.

സുപ്രീം കോടതി വിധി പ്രകാരം പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിക്കു മുന്നില്‍ പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാര്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തിവരികയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലെത്തിയത്. പരുക്കേറ്റ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. മത്തായി പനംകുറ്റിയില്‍, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോണ്‍ വാഴാനി, എല്‍ദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങള്‍ക്കും പുറത്ത് പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുത്തിരുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പുറത്ത് നിന്നാണ് പള്ളിക്കുള്ളിലേക്ക് ആദ്യം കല്ലേറുണ്ടായതെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് പുറത്തുള്ളവരെ പൊലീസ് മാറ്റിയത്.പള്ളിയുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഗേറ്റും തകര്‍ത്തു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പള്ളിക്കു പുറത്ത് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തല്‍ പൊലീസ് അഴിച്ചുമാറ്റി.

രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാല്‍ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.

തൃശൂര്‍ ജില്ലയിലെ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രാര്‍ത്ഥനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്ക് പുറത്ത് കുത്തിരിയിപ്പ് ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി സുപ്രീം കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് വികാരിക്ക് ചുമതല കൈമാറണമെന്ന് യാക്കോബായ സഭയോടാവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പള്ളിയിലെത്തിയത്. വിവരം മുന്‍കൂട്ടിയറിഞ്ഞ യാക്കോബായ വിഭാഗത്തില്‍പ്പെട്ട 300 ഓളം പേര്‍ പള്ളിക്കുള്ളില്‍ കടന്ന്, ഗേറ്റ് പൂട്ടിയശേഷം പ്രാര്‍ത്ഥനായജ്ഞം തുടങ്ങി. പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതുമൂലം അഞ്ച് പുരോഹിതന്മാരടങ്ങുന്ന സംഘം ഗെയ്റ്റിനു വെളിയില്‍ കുത്തിയിരിപ്പ് തുടരുകയായിരുന്നു. സ്ഥലത്തെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപകന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസും കുത്തിയിരിപ്പില്‍ പങ്കുചേരുകയായിരുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് കലക്ടര്‍ ഇടപെട്ട് തൃശൂര്‍ എ.സി.പി യുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ പള്ളിയില്‍ നേരിട്ടെത്തിയത്. ആറു വര്‍ഷം മുമ്പും പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

എന്നാല്‍ ജില്ലാ കോടതിയുടെ ഉത്തരവില്‍ തങ്ങള്‍ ഹൈക്കോടതിയില്‍നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് യാക്കോബായ വിഭാഗത്തിന്റെ പക്ഷം. കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലും പരിഗണനയിലാണ്. അതിനാല്‍ പള്ളി വിട്ടുനല്‍കാനാവില്ലെന്നാണ് യാക്കോബായ നിലപാട്. ഈ തര്‍ക്കമാണ് കല്ലേറിലും സംഘര്‍ഷാവസ്ഥയിലേക്കും എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here