ജടായു സന്ധ്യകള്‍ക്ക് ഗോത്രകലകള്‍ നിറം പകരും

0
59

ചടയമംഗലം: ജടായു എര്‍ത്ത് സെന്ററിലെ കാര്‍ണിവലിന്റെ ഭാഗമായി ഇനി മുതല്‍ ഗോത്രകലകളുടെ അവതരണം ഉണ്ടാകും. മണ്‍മറഞ്ഞു തുടങ്ങിയ ആദിവാസി കലാരൂപങ്ങള്‍ക്കു പുതുജീവന്‍ പകരുക എന്ന ലക്ഷ്യത്തോടെയാണ് വേദി നല്‍കുന്നത്. പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന് അകന്നുമാറിയിരുന്ന ഒരു സമൂഹത്തേയും അവരുടെ അതിജീവനത്തേയും കുറിച്ച് പറയുന്ന ഈ കലാരൂപങ്ങള്‍ക്ക് ഇന്നു ഏറെ പ്രസക്തിയുണ്ട്. അത്തരമൊരു തോന്നലില്‍ നിന്നാണ് ജടായു കാര്‍ണിവലിന്റെ ഭാഗമായി ഇത്തരം കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ വേദി ഒരുക്കുന്നതെന്ന് ജടായു എര്‍ത്ത് സെന്റര്‍ എം ഡിയും ചെയര്‍മാനുമായ രാജീവ് അഞ്ചല്‍ പറഞ്ഞു.കുളത്തൂപ്പുഴ കടമാങ്കോട് ഗൗരിശങ്കര കലാസമിതിയുടെ കലാപ്രകടനങ്ങള്‍ ആകും ജടായു സന്ധ്യകള്‍ക്ക് ഇനി മാറ്റൊലിതീര്‍ക്കാന്‍ പോവുക. കാണി വിഭാഗത്തിലെ ആദിവാസി നൃത്തരൂപങ്ങള്‍, വില്ലടിച്ചാന്‍ പാട്ട്, കാലാട്ടം തുടങ്ങിയവയായിരിക്കും ഈ സംഘം അവതരിപ്പിക്കുക.അവഗണിക്കപ്പെട്ട ഇത്തരം കലാരൂപങ്ങളെയും, വാമൊഴിപാട്ടുകളുമൊക്കെ ശേഖരിച്ചു പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്യമത്തിലാണ് കലാസമിതി ഇപ്പോള്‍. കാണി സമൂഹത്തിലെ ചെറുപ്പക്കാരെയും, ചെറുപ്പകാരികളേയും പ്രത്യേകം പരിശീലനം നല്‍കിയാണ് കലാരൂപങ്ങള്‍ ജടായുവില്‍ അവതരിപ്പിക്കുന്നത്. ആദിവാസി കലാരൂപങ്ങള്‍ക്ക് വേദികള്‍ നഷ്ടമാകുന്ന ഈക്കാലത്ത് ജടായുവില്‍ ഇത്തരമൊരു കലാവിരുന്ന് സംഘടിപ്പിക്കാന്‍ തങ്ങള്‍ക്കു അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നതായി സമിതിയുടെ അമരക്കാരന്‍ സുലോചനന്‍ ആമ്പാല്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here