വാക്കുകള്‍ പാലിച്ചില്ല: കുതിരാന്‍ മുഖം അടഞ്ഞുതന്നെ; പൊതുമരാമത്ത് മന്ത്രി നല്‍കിയ സമയപരിധി നാളെ തീരും

0
20

തൃശൂര്‍: കുതിരാന്‍ തുരങ്കപാത നിര്‍മാണം പൂര്‍ത്തീകരിക്കാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി നല്‍കിയ സമയപരിധി നാളെ തീരും. നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കപാതയില്‍ ഗാബിയോണ്‍ ഭിത്തി കെട്ടണമെന്ന് ദേശീയപാത സുരക്ഷ വിഭാഗത്തിന്റെ നിര്‍ദ്ദേശം.
ഒന്നാം തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി 29നകം തുറന്ന് കൊടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം പ്രളയത്തെ തുടര്‍ന്ന് ആഗസ്റ്റ് 19ന് നിര്‍ത്തിവച്ച നിര്‍മാണ പ്രവര്‍ത്തികള്‍ അഞ്ച് മാസം കഴിഞ്ഞിട്ടും പുനരാരംഭിക്കാനായിട്ടില്ല.കനത്ത മഴയില്‍ തുരങ്കത്തിന്റെ മുന്‍ഭാഗത്ത് ഇടിഞ്ഞ് വീണ മണ്ണും നീക്കം ചെയ്യാനായിട്ടില്ല.
ദേശീയപാത നിര്‍മാണവും തുരങ്കപാത നിര്‍മാണവും ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനിക്ക് കെ.എം.സി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കുടിശിക വരുത്തിയതോടെയാണ് തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്.
ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റ് പ്രകാരം ദേശീയപാതയുടേയും തുരങ്കത്തിന്റേയും നിര്‍മാണം 2018 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനി ഓഡിറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കടങ്ങളും ബാക്കി നിര്‍മാണത്തിനുള്ള സംഖ്യയും അടക്കം 200 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.
അതിനിടെ തുരങ്കത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ വിഭാഗം പരിശോധനയുടെ അടിസ്ഥാനത്തില്‍ തുരങ്കം പൂര്‍ണമായും ഗാബിയോണ്‍ കോണ്‍ക്രീറ്റ് വാള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശം നല്‍കി.
മണ്ണിടിച്ചില്‍ തടയുന്നതിനായി ഇരു തുരങ്കങ്ങളും പൂര്‍ണമായും ഗാഹായോണ്‍ ഭിത്തി കെട്ടണമെങ്കില്‍ ചുരുങ്ങിയത് എട്ട് മാസമെങ്കിലും സമയം വേണ്ടിവരുമെന്ന നിലപാടിലാണ് തുരങ്ക നിര്‍മാണ കമ്പനി.

LEAVE A REPLY

Please enter your comment!
Please enter your name here