പെട്രോള്‍ പമ്പില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയതിന്റെ പേരില്‍ യുവാവിനെ പീഡിപ്പിച്ച സംഭവത്തില്‍ പമ്പുടമയും മകനുമുള്‍പെടെ 3 പേര്‍ക്കെതിരെ കേസ്

0
2

ബേഡകം: പെട്രോള്‍ പമ്പില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയതിന്റെ പേരില്‍ യുവാവിനെ പീഡിപ്പിച്ച സംഭവത്തില്‍ പമ്പുടമയും മകനുമുള്‍പെടെ മൂന്നു പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. കുണ്ടംകുഴിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പ് ഉടമയായ യൂസുഫ്, മകന്‍ റഷാദ്, സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. കുമ്പള മൊഗ്രാല്‍ പെര്‍വാഡ് ഹൗസിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മുസമ്മിലിനെ (22)യാണ് പമ്പില്‍ നിന്നും തട്ടിയെടുത്ത പണം തിരിച്ചുകിട്ടുന്നതിനായി ക്രൂരപീഡിപ്പിച്ചുവെന്നാണ് പരാതി. 12,000 രൂപ ശമ്പളം നിശ്ചയിച്ചാണ് ഒന്നര വര്‍ഷം മുമ്പ് മുസമ്മിലിനെ പെട്രോള്‍ പമ്പിന്റെ മാനേജറാക്കിയത്. എന്നാല്‍ ജി എസ് ടി അടക്കാനും മറ്റുമായി ഏല്‍പിച്ച പണം യുവാവ് തിരിമറി നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. 17 ലക്ഷം രൂപ താനെടുത്തിട്ടുണ്ടെന്നും ഇതില്‍ 15 ലക്ഷം രൂപ തിരിച്ചു കൊടുത്തുവെന്നും യുവാവ് പറയുന്നുണ്ട്. യുവാവ് കല്ലടക്കുറ്റിയില്‍ കുറച്ചു സ്ഥലം വാങ്ങുകയും അതില്‍ വീട് നിര്‍മിക്കുന്നതിനായി തറ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ ബലേനോ കാര്‍ കൂടി യുവാവ് എടുത്തതോടെ പമ്പുടമയ്ക്ക് സംശയം തോന്നുകയും ഓഡിറ്റിംഗ് നടത്തുകയും ചെയ്തതോടെയാണ് പണത്തില്‍ തിരിമറി നടന്നതായി കണ്ടെത്തിയത്. ഇതിന്റെ പേരില്‍ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ നിന്നും പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് യുവാവിനെ കൂട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവാവ് ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here