പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയെ നെഞ്ചിലേറ്റി പിലിക്കോട്

0
61

പിലിക്കോട്: പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയിലൂടെ അന്യംനിന്നുപോകുന്ന ഗുണമേന്മയുള്ള നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് പിലിക്കോട് ഗ്രാമഞ്ചായത്ത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തോട് കൂടി ആണ് പദ്ധതി ആരംഭിച്ചത്. ഹരിതകേരളം മിഷന്റെ ചുവട് പിടിച്ച് പിലിക്കോട് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് പൈതൃകം നെല്‍വിത്ത് ഗ്രാമം. പാടശേഖര സമിതിയിലെ അംഗങ്ങളായ 15 കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.പദ്ധതിയുടെ ഭാഗമായി അപൂര്‍വ്വ ഇനം 30 തരം നെല്‍വിത്തിനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്തത്. ഓരോ കര്‍ഷകനും 15 സെന്റില്‍ കൃഷിയിറക്കണം. അടുത്ത ഘട്ടത്തില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 15 തരം നെല്‍വിത്തുകള്‍ കൂടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഇങ്ങനെ ഓരോ കര്‍ഷകനും ചുരുങ്ങിയത് 30 കിലോ നെല്‍വിത്ത് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. അടുത്ത ആഗസ്ത് ആകുമ്പോഴേക്കും 45 ഇനം പൈതൃക നെല്‍വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഉദ്പാദിപ്പിക്കുന്ന വിത്തിനങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് വിത്ത്മേള സംഘടിപ്പിക്കും. ഒരു കിലോ വിത്തിന് ചുരുങ്ങിയത് നാല്‍പത് രൂപ എന്ന നിരക്കില്‍ വിറ്റഴിക്കാം. ഒരു കിലോ വിത്ത് വിറ്റഴിക്കുമ്പോള്‍ കര്‍ഷകന് അഞ്ച് രൂപയോ പത്ത് രൂപയോ എന്ന നിരക്കില്‍ ഇന്‍സന്റീവും ലഭിക്കും. വിത്ത്മേളയില്‍ നിന്ന് ഇഷ്ടമുള്ള ഇനം വിത്ത് വാങ്ങാനും അവസരമുണ്ട്. പിലീക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷക ടി വനജയാണ് കൂടുതല്‍ വിത്തിനങ്ങള്‍ സംഭാവന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here