കുട്ടനാട് പുനര്‍നിര്‍മിക്കാന്‍ 1000കോടി; മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍

0
13

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച പത്താമത്തെ ബജറ്റില്‍ നവകേരള നിര്‍മ്മാണത്തിനാണ് ഊന്നല്‍. കാര്‍ഷിക മേഖലയെയും റോഡ് വികസനങ്ങളുടെ കാര്യത്തിലും കാര്യമായ പ്രഖ്യാപനങ്ങള്‍ ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട പദ്ധതികളും നിര്‍ദേശങ്ങളും:

കുട്ടനാട് പുനര്‍നിര്‍മ്മിക്കാന്‍ 1000 കോടി

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്. കുട്ടനാട് ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. പാക്കേജിന്റെ ഭാഗമായി പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കായലും ജലാശയങ്ങളും ശുചീകരിക്കും. കായലിലെ ചളി നീക്കും. എക്കല്‍ അടിഞ്ഞ് കായല്‍ തട്ടിന്റെ ഉയരം കൂടിയിട്ടുണ്ട്. പുറം ബണ്ടിന്റെ അറ്റകുറ്റപ്പണിക്കായി 47 കോടിയും വകയിരുത്തി. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങള്‍ പ്രളയത്തെ നേരിടാന്‍ സാധിക്കും വിധം പുനര്‍നിര്‍മ്മിക്കും. 16 കോടിയുടെ താറാവ് ബ്രീഡിങ് ഫാമും കുട്ടനാടിനു വേണ്ടി പ്രഖ്യാപിച്ചു.

കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.കനാല്‍ പ്രദേശത്ത് ഉറവിടമാലിന്യസംസ്‌കരണം വ്യാപിപ്പിക്കും. കായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും. മത്സ്യകൃഷിക്കായി അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പില്‍വേ ആഴവും വീതിയും കൂട്ടാന്‍ 49 കോടി വകയിരുത്തി.

150 കോടി ചെലവില്‍ ഹെലിപാഡോട് കൂടി പുളിങ്കുന്നില്‍ ബഹുനില ആശുപത്രി

പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. പെറ്റ്ലാന്‍ഡ് അഥോറിറ്റി സഹായത്തോടെ അഞ്ഞൂറ് കോടിയെങ്കിലും കുട്ടനാട് പാക്കേജിന് വിനിയോഗിക്കും. 150 കോടി ചെലവില്‍ ഹെലിപാഡോട് കൂടി പുളിങ്കുന്നില്‍ ബഹുനില ആശുപത്രി നിര്‍മ്മിക്കും.

റൈസ് പാര്‍ക്കുകള്‍

സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. അരി, അരിപ്പൊടി തുടങ്ങിയവ ഈ പാര്‍ക്കുകളില്‍ നിന്ന് ബ്രാന്‍ഡ് ചെയ്ത് ഇറക്കും.

മലബാര്‍ കാപ്പിയും സിയാല്‍ മോഡലില്‍ ടയര്‍ കമ്പനിയും

മലബാര്‍ എന്ന പേരില്‍ വയനാട്ടില്‍ നിന്ന് കാപ്പി വിപണിയില്‍ ഇറക്കും. വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. റബ്ബര്‍ പുനരുദ്ധാരണത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. റബ്ബറിന് താങ്ങുവിലയായി 400 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികള്‍

പ്രളയത്തില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സൈന്യത്തിനായി ബജറ്റില്‍ പ്രത്യേക പദ്ധതികള്‍. തീരദേശ മേഖലക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്ളാറ്റുകള്‍ അനുവദിക്കും. വീടിന് പുറമെ 10 ലക്ഷം രൂപയും നല്‍കും. തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 90 കോടി രൂപ വകയിരുത്തി. തീരദേശ മേഖലയിലെ ആശുപത്രികള്‍ ഈ വര്‍ഷം തന്നെ നവീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ നല്‍കും. അതിനായി മത്സ്യ ഫെഡിന് ഒന്‍പത് കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് കൂടുതല്‍ പുതിയ ഹാര്‍ബറുകള്‍ സ്ഥാപിക്കും. പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖവും കൊല്ലത്ത് ബോട്ട് ബിള്‍ഡിങ് യാഡും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കടലാക്രമണമുള്ള തീരത്ത് നിന്നും മാറിത്താമസിക്കുന്നവര്‍ക്കായി വീടിന് 10 ലക്ഷം വീതം പുനരധിവാസത്തിനായി 100 കോടി. തിരുവനന്തപുരത്ത് വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിയോക്‌സ്. ഇതിനായി പലിശരഹിത വായ്പ നല്‍കും. ഇതിന് മത്സ്യഫെഡിന് ഒമ്പത് കോടി. കേരം ഗ്രാമ പദ്ധതിക്ക് 43 കോടിയും വിലയിരുത്തി.

അഞ്ച് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ്

അടുത്ത 5 വര്‍ഷംകൊണ്ട് കേരളത്തില്‍ 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. 2 വര്‍ഷംകൊണ്ടുതന്നെ സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറും. പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍ നിര്‍മ്മിക്കാനും തുടക്കമാകും. പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. ഇവയ്ക്ക് റോഡ് നികുതിയിലും ഇളവ് നല്‍കും. കൂടുതല്‍ സ്ത്രീകള്‍ക്ക് വരുമാനത്തിനുള്ള മാര്‍ഗമുണ്ടാക്കും. കുടുംബശ്രീ വഴി 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും. വിപണിയില്‍ ഇതിന് ആവശ്യക്കാരെ സൃഷ്ടിക്കും. 1000 കോടി കുടുംബശ്രീക്കായി വകയിരുത്തിയിട്ടുണ്ട്.

പ്രവാസികളുടെ മൃതദേഹം നോര്‍ക്ക നാട്ടിലെത്തിക്കും

വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഇനി മുതല്‍ നോര്‍ക്ക വഹിക്കും. വിദേശത്തു നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്കായി ‘സാന്ത്വനം പദ്ധതി’ നടപ്പാക്കും. ഇതിനായി 25 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്സിഡിയോടെ വായ്പ അനുവദിക്കും. കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരം നല്‍കുമെന്നും തോമസ് ഐസക് അറിയിച്ചു.

ക്ഷേമപെന്‍ഷനുകള്‍ നൂറ് രൂപവീതം വര്‍ധിപ്പിച്ചു

ക്ഷേമപെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപയായിരുന്നത് 1200 രൂപയാകും. ഇന്ന് പെന്‍ഷന്‍ വാങ്ങുന്ന 42 ലക്ഷം പേരില്‍ നാലിലൊന്ന് പേരും ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി പെന്‍ഷന്‍ വാങ്ങുന്നത്. കുടിശക തീര്‍ത്ത് പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1100രൂപയായി വര്‍ധിപ്പിച്ചതും ഈ സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശരാശരി പ്രതിവര്‍ഷം 1964 കോടിരൂപയാണ് ക്ഷേമപെന്‍ഷന് ചെലവഴിച്ചത്. 2018-19ല്‍ 7533 കോടിരൂരപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 150 കോടി മാത്രമാണ്.

2020 ല്‍ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍; വീടുകളില്‍ എല്‍ ഇഡി ബള്‍ബ്

ഇലക്ട്രീക് വാഹനങ്ങള്‍ നികുതി ഇളവ് പ്രഖ്യാപിക്കുമെന്നും 2020 ഓടെ ഇത്തരം വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും ധനമന്ത്രി. ബജറ്റ് അവതരണത്തില്‍ തലസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇലക്ട്രിക് ബസുകളാക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും വൈദ്യൂതി സംരക്ഷണത്തിനായി എല്‍ഇഡി ബള്‍ബുകള്‍ നല്‍കും. പഴയ ബള്‍ബുകള്‍ക്ക് പകരം എല്‍ ഇ ഡി ബള്‍ബുകള്‍ കുടുംബശ്രീ വഴി വീടുകളില്‍ എത്തിക്കും. സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ കിഫ്ബി പണം ചെലവഴിക്കുമെന്നും പറഞ്ഞു.

കുടുംബശ്രീക്കായി കൂടുതല്‍ പദ്ധതികള്‍

കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. 12 ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതി. മാര്‍ക്കറ്റിങ് വിങ് സ്ഥാപിക്കും. പുതിയ ആറ് സേവന മേഖലകള്‍ വിപുലീകരിക്കും. ഇവന്റ് മാനേജ്‌മെന്റും കെട്ടിട നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകള്‍ക്ക് 400-600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍. 4 ശതമാനം പലിശക്ക് 3500 കോടി വായ്പ. കുടുംബശ്രീക്ക് ആകെ 1000 കോടി രൂപയുടെ ബജറ്റ്. ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി. ഇവയ്ക്ക് സാധനങ്ങള്‍ സഹായ വിലയ്ക്ക് നല്‍കാന്‍ 20 കോടി.

ശബരിമല വികസനത്തിന് 739 കോടി; റോഡുകള്‍ക്ക് 200 കോടി

ശബരിമല വികസനത്തിന് 739 കോടിരൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തില്‍ തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. ഭക്തരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ഇതില്‍ ഉണ്ടാകും. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി അനുവദിച്ചു. പമ്പ, നിലയ്ക്കല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി അനുവദിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം ഒരുക്കും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടിയും നല്‍കും.

ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍:

കേരഗ്രാമം പദ്ധതിയില്‍ പെടുത്തി കേര കൃഷി വ്യാപിപ്പിക്കും
കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കും
അന്തര്‍ദ്ദേശീയ നിലവാരമുള്ള റൈസ്പാര്‍ക്ക് പാലക്കാട് സ്ഥാപിക്കും
നെല്ല്, അരിയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ നിര്‍മ്മിക്കും
റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കും
200 ഏക്കറില്‍ കോട്ടയത്ത് റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പാര്‍ക്ക് നിര്‍മ്മിക്കും
വന്‍കിട ടയര്‍നിര്‍മ്മാണ ഫാക്ടറിയെ ഈ പാര്‍ക്കില്‍ കൊണ്ട് വരും
നവകേരളത്തിന് 25 പദ്ധതികള്‍
നവകേരള നിര്‍മ്മാണത്തിന് 25 പദ്ധതികള്‍. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്
എല്ലാ ജില്ലകളിലും വനിതാ മതില്‍ സ്മാരകം
വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാഡമി മുന്‍ കൈയെടുക്കും.
പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി അധിക സഹായം
ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാം ദുരന്തം
തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ മ്യൂസിയം
കേരളം പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടത്തില്‍
പ്രളയ പുനര്‍നിര്‍മ്മാണത്തിന് വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല
കേന്ദ്രം അധികം വായ്പ അനുവദിക്കണം
സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം.
വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും വരും, 141 കോടി
കിഫ്ബയില്‍ നിന്നുള്ള 15600 കോടി രൂപ ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
കണ്ണൂര്‍ വിമാനത്താവളപരിസരത്ത് വ്യവസായസമുച്ചയങ്ങള്‍
പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാഇടനാഴികള്‍
കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍
കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും
കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും
അടഞ്ഞു വ്യവസായസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും

സ്ത്രീശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്
കുരുമുളക് കൃഷിക്ക് 10 കോടി
പ്രളയത്തില്‍ നാശനഷ്ടമുണ്ടായ മലയോര മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍
ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും
കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ വ്യാവസായിക ടൗണ്‍ഷിപ്പ്
കുടിവെള്ള പദ്ധതിക്ക് 250 കോടി
കൃഷിനാശം നേരിടാന്‍ 20 കോടി
അരി പാര്‍ക്കിന് 20 കോടി
കുട്ടനാട് മലിനീകരിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തും
നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി
കേരഗ്രാമം പദ്ധതിക്ക് 43 കോടി
വയനാടന്‍ കാപ്പി മലബാര്‍ കോഫി ബ്രാന്‍ഡില്‍ വിതരണം ചെയ്യും
1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്
ഓഖി പാക്കേജ് വിപുലീകരിക്കും
കാപ്പി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും
തീരദേശ വികസനത്തിന് 1000 കോടി.

LEAVE A REPLY

Please enter your comment!
Please enter your name here