കുഞ്ഞനന്തന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; നടക്കാന്‍ വയ്യെങ്കില്‍ ജയിലില്‍ കിടന്നുകൂടേയെന്ന് കോടതി

0
5

കൊച്ചി: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണ് ചികിത്സയ്ക്കായി പരോള്‍ അനുവദിക്കുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദിച്ചപ്പോള്‍ പി. കെ. കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്നാണ് കോടതി ചോദിച്ചത്. 7 വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. കുഞ്ഞനന്തന്റെ യഥാര്‍ത്ഥ അസുഖമെന്താണെന്നും എത്ര നാള്‍ പരോള്‍ കിട്ടിയെന്നും ചോദിച്ച കോടതി ജയിലില്‍ നിരവധി തടവുപുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.

ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികിത്സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തനു വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്ന് ആരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ മാത്രം 214 തവണയാണ് കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്. നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here