കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ അനധികൃത കോഴി വള നിര്‍മാണം

0
23
വരവൂരിലെ അനധികൃത കോഴി വള നിര്‍മ്മാണ യൂണിറ്റിന് മുന്നില്‍ തടിച്ച് കൂടിയ നാട്ടുകാര്‍.

വടക്കാഞ്ചേരി: വരവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട മണലം കുഴിയില്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ അനധികൃത കോഴി വള നിര്‍മ്മാണ യൂണിറ്റ്.
ജില്ലയുടെവിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച ടണ്‍ കണക്കിന് കോഴി വേസ്റ്റ് ഷെഡുകള്‍ക്കുള്ളില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.
കേച്ചേരി സ്വദേശിയും സ്ഥലം വാടകയ്ക്ക് എടുക്കുകയും ചെയ്ത അബ്ദുള്‍ ജലീലിനെതിരെ ചെറുതുരുത്തി പൊലിസ് കേസെടുത്തു.
ഞെട്ട് കണ്ണി കോളനിയ്ക്ക് സമീപം കോഴിഫാം തുടങ്ങുന്നതിനാണ് അബ്ദുള്‍ ജലീല്‍ സ്ഥലം വാടകയ്ക്ക് എടുത്തിരുന്നത്.
എന്നാല്‍ പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുമില്ല. വിസ്തൃതമായ ഷെഡും നിര്‍മ്മിച്ചു. ഇവിടെ എന്ത് നടക്കുന്നുവെന്ന് നാട്ടുകാര്‍ക്ക് ഒരു വിവരവുമില്ലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഷെഡില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മാലിന്യം കൂടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
പരിസരത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വരവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. വിജയലക്ഷമിയുടെ നേത്രത്വത്തില്‍ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും, പൊലിസ് ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴി വേസ്റ്റില്‍ മണ്ണും, ചകിരിചോറും, പ്രത്യേക തരം കെമിയ്ക്കലും ചേര്‍ത്താണ് വള നിര്‍മ്മാണം നടത്തിയിരുന്നത്. ഇത് അനുമതിയില്ലാതെയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി മലിനീകരണനിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യാന്‍ ഉടമയോട് ആവശ്യപ്പെട്ടതനുസരിച്ച് മാലിന്യം നീക്കം ചെയ്തു. പതിനായിരം രൂപ പിഴയും ഈടാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here