കണ്ണിന് കുളിരായ് നാടെങ്ങും പൂത്തമാവുകള്‍

0
75

കൊടകര: വഴിയോരങ്ങളിലും പറമ്പുകളിലും മാവുകള്‍ നിറയെ പൂത്തുനില്‍ക്കുന്ന അഴകുള്ള കാഴ്ച ഏവരുടേയും കണ്ണിനും മനസിനും കുളിരേകും. കേരളത്തില്‍ നാട്ടുമാവുകള്‍ മാത്രം 73 ഇനം ഉണ്ടെന്നാണ് കണക്ക്.
ഇതില്‍ 300 വര്‍ഷം വരെ പഴക്കമുള്ള മുത്തശിമാവുകളുമുണ്ട്. രാവിലെ നല്ല തണുപ്പും പകല്‍ ചൂടുമുള്ളപ്പോഴാണ് മാമ്പൂ കൂടുതലായി വിരിയുന്നത്. ഡിസംബറിലെ മഞ്ഞുപെയ്യുന്ന കാലത്താണ് മാവുകള്‍ പൂക്കുക പതിവ്.
കാലാവസ്ഥയുടെ വ്യതിയാനമാണ് മാവുകള്‍ പൂക്കുന്നതില്‍ സമയവെത്യാസത്തിനിടയാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കുറി പൂക്കാന്‍ അല്‍പം വൈകിയെങ്കിലും ഭൂരിഭാഗം മാവുകളും നിറയെ പൂത്തുനില്‍ക്കുകയാണ്.
പൂത്തുകഴിഞ്ഞാല്‍ മൂന്നാഴ്ചകൊണ്ട് കണ്ണിമാങ്ങ പരുവമാകും. ഉപ്പുമാങ്ങക്കും ചെത്തുമാങ്ങക്കും പാകമാകുമ്പോള്‍ പറിച്ചെടുക്കുന്നവരുമുണ്ട്. മധുരവും പുഴിയും നുകരുന്ന മാമ്പഴക്കാലം മാമ്പഴക്കാലം മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ കൂടിയാണ്.
മാവിലെറിഞ്ഞ ബാല്യവും മാമ്പഴത്തിനായ് കലപിലകൂടിയ സ്‌കൂള്‍ കാലവും മാവിന്‍ചുവട്ടില്‍ കളിക്കൂട്ടുകളും മലയാളിക്ക് മറക്കാനാവില്ല. മാമ്പഴ പുളിശേരിയും പച്ചടിയും ഉള്‍പ്പടെയുള്ള മാങ്ങവിഭവങ്ങള്‍ ഓര്‍ക്കുമ്പോഴെ നാവില്‍ വെള്ളം കിനിയുന്ന ഓര്‍മകളാണ്. വെള്ളമൊഴിക്കുകയും പുകയ്ക്കുകയും ചെയ്താലെ കൂടുതല്‍ വിളവുണ്ടാവൂ.
എന്നാല്‍ മാവ് പൂക്കും മുമ്പ് ചുവട്ടിലോ ഇലയിലോ വെള്ളമൊഴിക്കരുത്. എന്നാല്‍ പൂത്തുകഴിഞ്ഞാല്‍ ചുവട്ടില്‍ വെള്ളമൊഴിക്കുന്നത് കൂടുതല്‍ വിളവുണ്ടാകുന്നതിന് സഹായകമാണ്. മാവിന്‍ ചുവട്ടില്‍ കരിയില കൂട്ടി പുകക്കുന്നത് നല്ലതാണ്.
പുകക്കുന്നത് ഇലകളിലെ പുള്ളികള്‍ വീഴ്ത്തുന്നത് തടയാനാകും. ഇലകളുടെ പ്രകാശ സംശ്‌ളേഷണത്തിനുള്ള കഴിവ് പൂര്‍ണമായും നിലനിര്‍ത്താനുമാകും. വിരിഞ്ഞ മാങ്ങക്ക് വളര്‍ച്ച കിട്ടാനും ഇത് സഹായിക്കും. കാലാവസ്ഥ അനുകൂലമായാല്‍ സമൃദ്ധിയുടെ മാമ്പഴക്കാലമാകുമെന്നാണ് മാമ്പഴപ്രേമികളുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here