ഗോവന്‍ ഫെനി ഇനി കേരളത്തിലും

0
40

കൊല്ലം: ഗോവന്‍ഫെനി മദ്യം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. തോട്ടണ്ടിയുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഫെനി നിര്‍മ്മാണത്തിന് വേണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതുവഴി നിരവധി തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലാകും യൂണിറ്റുകള്‍ സ്ഥാപിക്കുക. കശുവണ്ടി സംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഫെനി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി.വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങി എത്തിയാല്‍ ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഫെനിമദ്യം നിര്‍മ്മാണത്തിന് അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം നിര്‍മ്മാണം തുടങ്ങും. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ വഴി ഫെനി വില്‍ക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ള കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ഫെനി നിര്‍മ്മിക്കാന്‍ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതിക്ഷയിലാണ് കോര്‍പ്പറേഷന്‍. പദ്ധതിയുടെ ഫലമായി കശുമാവ് കര്‍ഷകര്‍ക്ക് ഒരു മികച്ച വരുമാനം കൂടി ലഭ്യമാകുമെന്നും കശുവണ്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here