ഗുരുവായൂര്‍ ക്ഷേത്രോത്സവം:കൊടിയേറ്റ് ഇന്ന്

0
80
ഗുരുവായൂരില്‍ നടന്ന കലശാഭിഷേക ചടങ്ങ്.

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇനിയുള്ള പത്തുനാളുകളും ഗുരുപവനപുരി ഉത്സവ ലഹരിയിലാവും. ദീപാരാധനക്ക് ശേഷം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൂറയും, പവിത്രവും നല്‍കി ആചാര്യവരണം നടത്തും. തുടര്‍ന്ന് മുളയറയില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിടും.
തന്ത്രി നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വ്വഹിക്കും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്ത ജനങ്ങള്‍ക്കും രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നല്‍കും. ദിവസവും ആയിരങ്ങള്‍ക്ക് ഉത്സവപകര്‍ച്ചയും ഉണ്ടാകും. ദിവസവും കാഴ്ചശീവേലിക്ക് പ്രമുഖരുടെ മേളം അകമ്പടിയാവും. രാത്രിയില്‍ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയില്‍ എഴുന്നള്ളിച്ച് വയ്ക്കും.
പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കുന്ന ഗുരുവായൂരപ്പന് മുമ്പില്‍ തായമ്പക അവതരിപ്പിക്കാന്‍ തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്‍ വരെ അണിനിരക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈവിധ്യമുള്ള കലാപരിപാടികള്‍ക്കും ഇന്ന് തുടക്കമാവും.
കൊടിയേറ്റത്തിന് ശേഷം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന കഥകളി പുലരും വരെ തുടരും. കലാപരിപാടികള്‍ നാളെ വൈകീട്ട് ആറിന് ഗാനരചയിതാവ് വയലാല്‍ ശരത്ചന്ദ്ര വര്‍മ ഉദ്ഘാടനം ചെയ്യും. തുടര്‍ ദിവസങ്ങളില്‍ പ്രഗത്ഭരുടെ കലാപരിപാടികളാണ് അരങ്ങേറുക. 25ന് പള്ളിവേട്ടയും 26ന് ആറാട്ടും നടക്കും. ആറാട്ടിന് ശേഷം കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.

ആനയോട്ടം ഇന്ന്
ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമിട്ട് ഇന്ന് ആനയോട്ടം.
മുന്‍നിരയില്‍ ഓടേണ്ട ആനകളെ തിരഞ്ഞെടുത്തു. അഞ്ച് ആനകളെയാണ് നറുക്കിട്ട് എടുത്തത്. ഗോപികണ്ണന്‍, നന്ദിനി, നന്ദന്‍, വിഷ്ണു, അച്യുതന്‍ എന്നീ ആനകളാണ് മുന്‍നിരയില്‍ ഓടുക.
ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടത്തില്‍ ഗുരുവായൂര്‍ ആനത്തറവാട്ടിലെ പത്ത് ആനകള്‍ അണിനിരക്കും. ഇവിടെ ആനയില്ലാതിരുന്ന
കാലഘട്ടത്തില്‍ തൃക്കണാമതിലകത്തുനിന്ന് ആനകള്‍ ഓടിയെത്തിയതിന്റെ ഐതിഹ്യം പുതുക്കല്‍ കൂടിയാണ് ആനയോട്ടത്തിന്റെ പിന്നിലെ ചരിത്രം. ഇത്തവണ ആനയോട്ടത്തിന് വകുപ്പിന്റെയും പോലീസിന്റെയും കര്‍ശനനിയന്ത്രണമുണ്ട്.്

കലശാഭിഷേകം
ഭക്തി സാന്ദ്രം

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുവായൂരപ്പന് ആയിരത്തൊന്ന് കലശകുംഭങ്ങളിലെ വിശേഷദ്രവ്യങ്ങളും പവിത്രമായ ബ്രഹ്മകലശവും അഭിഷേകം ചെയ്തു.
പ്രത്യകം പൂജകള്‍ ചെയ്ത് ചൈതന്യ പൂരിതമാക്കിയ വിശേഷദ്രവ്യങ്ങളും, തീര്‍ത്ഥവും അഭിഷേകംചെയ്യുന്നത് ദര്‍ശിച്ച് ആയിരങ്ങളാണ് ആത്മനിര്‍വൃതിയടഞ്ഞത്. രാവിലെ ശീവേലി, പന്തീരടിപൂജ എന്നിവക്ക് ശേഷം 975 വെള്ളികുംഭങ്ങളും 26 സ്വര്‍ണ്ണ കുംഭങ്ങളും കീഴ്ശാന്തി നമ്പൂതിരിമാര്‍ കൂത്തമ്പലത്തില്‍ നിന്ന് ശ്രീലകത്തേക്കെഴുന്നള്ളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here