ബാങ്ക് ആക്രമണക്കേസ് പ്രതി വീണ്ടും എന്‍ ജി ഒ യൂണിയന്റെ തലപ്പത്ത്

0
10

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനം ബാങ്ക് അടിച്ചു തകര്‍ത്ത നേതാവിനെ വീണ്ടും അമരത്തിരുത്തി സിപിഎം അനുകൂല സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍. എസ്ബിഐ ആക്രമണ കേസ് പ്രതി കെ എ ബിജുരാജ് തന്നെ എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയെ തുടര്‍ന്നും നയിക്കും.വര്‍ക്കലയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിലാണ് കെ എ ബിജുരാജിനെ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആക്രമണക്കേസില്‍ പ്രതിയായ ഇയാള്‍ ഇപ്പോള്‍ സര്‍വീസില്‍ സസ്‌പെന്‍ഷനിലാണ്. കേസിലെ ആറാം പ്രതിയാണ് കെ എ ബിജുരാജ്.സംഘടനാതലത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് സര്‍വീസ് സംഘടന ഇതിന് നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് ഇല്ലാതെ ജില്ലാ, സംസ്ഥാന പാര്‍ട്ടി നേതൃത്വങ്ങളുടെ അറിവോടെയാണ് എന്‍ജിഒ യൂണിയന്റെ പുതിയ സംഘടനാ നേതൃത്വത്തിന്റെ പട്ടിക ജില്ലാ സമ്മേളനം അംഗീകരിച്ചത്. ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശീയ പണിമുടക്ക് ദിവസങ്ങളിലാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ശാഖ സമരക്കാരെന്ന പേരിലെത്തിയ അക്രമികള്‍ അടിച്ചു തകര്‍ത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.രണ്ട് ദിവസത്തെ പണിമുടക്കില്‍ ആദ്യദിനം എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജര്‍ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമണം തുടങ്ങിയതെന്നും മാനേജര്‍ പറയുന്നു.ബാങ്കില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന്, സ്ഥലത്തെത്തി പരിശോധന നടത്തിയ കന്റോണ്‍മെന്റ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here