തിരുവനന്തപുരത്തിനായി ജനതാദള്‍ എസ് പിടിമുറുക്കി

0
5

രാഷ്ട്രീയ ലേഖകന്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് വിട്ടുകൊടുക്കണമെന്നു ജനതാദള്‍ (എസ്) സിപിഐ നേതൃത്വത്തെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. സിപിഎമ്മുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അവരുടെ കൂടി നിര്‍ദേശപ്രകാരമാണു സിപിഐ നേതൃത്വത്തിനു മുന്നില്‍ ദള്‍ ഈ ആവശ്യം വച്ചത്.കഴിഞ്ഞ തവണ കോട്ടയം സീറ്റില്‍ മത്സരിച്ചു വന്‍ പരാജയം ഏറ്റുവാങ്ങിയ ദള്‍ (എസ്) ഇക്കുറി ആ സീറ്റ് വേണ്ടെന്ന നിലപാടിലാണ്. സിപിഐ തുടര്‍ച്ചയായി രണ്ടുവട്ടം തോറ്റ തിരുവനന്തപുരത്ത് എസ്. നീലലോഹിതദാസന്‍ നാടാര്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നു പാര്‍ട്ടി കരുതുന്നു. ഇക്കാര്യം സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തി. സിപിഐയുമായി സിപിഎം സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണു നേരിട്ടു സംസാരിക്കാന്‍ ദളിനോട് ആവശ്യപ്പെട്ടത്.ദള്‍ നേതാക്കളായ കെ. കൃഷ്ണന്‍കുട്ടിയും സി.കെ. നാണുവുമാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടത്. തിരുവനന്തപുരത്തു നീലന്റെ സാധ്യത അവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കാനം അനുകൂല സൂചനകളൊന്നും നല്‍കിയില്ല. ആലോചിച്ചു മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞശേഷമാണു തിരുവനന്തപുരമടക്കം 4 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ജില്ലാ നേതൃത്വത്തോടു സിപിഐ സംസ്ഥാന നിര്‍വാഹകസമിതി ആവശ്യപ്പെട്ടത്.സാധാരണ സിപിഎമ്മുമായാണു മറ്റു കക്ഷികള്‍ സീറ്റു ചര്‍ച്ച നടത്തുന്നതെങ്കില്‍ ബന്ധപ്പെട്ട സീറ്റില്‍ മത്സരിക്കുന്ന സിപിഐയുമായി കൂടി സംസാരിക്കാന്‍ ശ്രമിച്ചതു വഴി ഇക്കാര്യത്തില്‍ ഗൗരവത്തിലാണെന്ന സൂചനയാണു ദള്‍ നല്‍കിയത്. കോട്ടയവും തിരുവനന്തപുരവും പരസ്പരം വച്ചുമാറാനുള്ള സാധ്യതയും ആരാഞ്ഞു.തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി ക്ഷാമമുള്ളതിനാല്‍ കാനം തന്നെ മത്സരിക്കുമെന്ന അഭ്യൂഹവും ഇതിനിടെ പരന്നു. എന്നാല്‍, ഒടുവില്‍ സിപിഐക്കു രാജ്യസഭാ സീറ്റ് ലഭിച്ച സമയത്തു തന്നെ പാര്‍ലമെന്ററി രംഗത്തേക്കില്ലെന്നു കാനം പാര്‍ട്ടിക്കകത്തു വ്യക്തമാക്കിയിരുന്നു. മുന്‍ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രനും മത്സരിക്കാനില്ലെന്നു നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരാണു സിപിഐ സ്ഥാനാര്‍ഥിയെന്ന ചോദ്യം ഉയരുമ്പോഴാണു ദള്‍ അവരോടു തന്നെ സീറ്റിനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്‌

LEAVE A REPLY

Please enter your comment!
Please enter your name here