പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി

0
4

കൊച്ചി: ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം രൂപ (കൃത്യം തുക 43,51,362) ബാങ്കിന് നല്‍കിയാല്‍ വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ എടുക്കാം എന്ന് കോടതി വ്യക്തമാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.

ഭൂമി ലേലത്തില്‍ പിടിച്ച രതീഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു ലക്ഷത്തി എണ്‍പത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, ഒരു മാസത്തിനകം പണമടച്ചില്ലെങ്കില്‍ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ലേലം റദ്ദാക്കിയ വിധി സര്‍ഫ്രാസി കുരുക്കില്‍ പെട്ടവര്‍ക്ക് ആശ്വാസമാകുമെന്ന് പ്രീത ഷാജി പറഞ്ഞു. ഒരു മാസത്തിനകം കോടതി നിര്‍ദ്ദേശിച്ച തുക കെട്ടിവെച്ച് വീട് സ്വന്തമാക്കുമെന്നും പ്രീത ഷാജി പറഞ്ഞു.

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ജപ്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന് വീട് ഒഴിയണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

LEAVE A REPLY

Please enter your comment!
Please enter your name here