ശ്രീദേവിയും ശ്രീലക്ഷ്മിയും ഇനി സ്‌നേഹതീരത്ത്

0
9
പുന്തലത്താഴം തെറ്റിച്ചിറയില്‍ നിര്‍മ്മിച്ച പുതിയ വീടിന്റെ മുന്‍പില്‍ ശ്രീദേവിയും ശ്രീലക്ഷ്മിയും എം. ജി. ഡി. ഗേള്‍സ് സ്‌കൂളിലെ അധ്യാപകര്‍ക്കൊപ്പം.

കൊല്ലം: അടച്ചുറപ്പുള്ള ഒരു വീടിനായുളള രണ്ട് സാധു വിദ്യാര്‍ഥിനികളുടെ കാത്തിരിപ്പിന് വിരാമമായി. കൊല്ലം എസ്. എന്‍ . ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ശ്രീദേവിയുടെയും കുണ്ടറ എം. ജി . ഡി. ഗേള്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ സഹോദരി ശ്രീലക്ഷ്മിയുടെയും പ്രാര്‍ഥനകളാണ് സഫലമാകുന്നത്.അമ്മയും കുടുംബവും ഈ കുട്ടികള്‍ക്ക് കണ്ണീരുറയുന്ന ഒരു ഓര്‍മയാണ്. രണ്ടു വര്‍ഷം മുമ്പ് പേരൂരിലെ തെറ്റിച്ചിറയില്‍ നടന്ന നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ബാക്കിപത്രമാണ് ഈ കുഞ്ഞുങ്ങളുടെ ദൈന്യജീവിതം.ഇവരുടെ അമ്മ സിനിയെ കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യപാനിയായ രണ്ടാനച്ഛന്‍ സതീശന്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സതീശന്‍ ജയിലിലായി. ശ്രീദേവി എം. ജി . ഡി. സ്‌കൂളില്‍ പത്താം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയ്ക്കു തയ്യാറെടുക്കവെയായിരുന്നു അമ്മയുടെ ദാരുണമരണം. കരള്‍പിളര്‍ക്കുന്ന വേദനകള്‍ക്കിടയിലും, പതറാതെ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് ശ്രീദേവി പത്താം ക്ലാസ് വിജയിച്ചത്. വീടെന്നുപറയാന്‍ പൊളിഞ്ഞു വീഴാറായ ഒരു കുടിലായിരുന്നു ആകെയുള്ള അഭയം. അമ്മയുടെ വിയോഗത്തോടെ സുരക്ഷിതത്വമില്ലാത്ത കുടിലില്‍ താമസിക്കുവാനാകാതെ ശ്രീദേവി വെല്‍ഫെയര്‍ ഹോമിലേക്കും ശ്രീലക്ഷ്മി അമ്മയുടെ സഹോദരിയുടെ വീട്ടിലേക്കും താമസം മാറേണ്ടിവന്നു. ഈ കുട്ടികളുടെ ദൈന്യത മനസ്സിലാക്കിയ എം. ജി. ഡി. ഗേള്‍സ് സ്‌കൂളിലെ സഹപാഠികളും അധ്യാപക രക്ഷകര്‍ത്ത സമിതിയും ഇവര്‍ക്കൊരു വീട് വയ്ക്കാനായി മുന്നോട്ടുവന്നു. പി.ടി.എ.ഭാരവാഹികളായ സന്തോഷ്‌കുമാര്‍, സാബു ബെന്‍സലി, പ്രിന്‍സിപ്പാള്‍ അലക്‌സ് തോമസ്, അധ്യാപകരായ സി.സൈജു,ജേക്കബ് ജോര്‍ജ്, തോമസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നാല് ലക്ഷം രൂപ സംഭരിക്കുകയും ഇടം വീട് പദ്ധതി മാതൃകയില്‍ ചിലവുകുറഞ്ഞ വീട് ചെയ്യാനായി മന്ത്രി ജെ. മെഴ്സികുട്ടിഅമ്മയെ സമീപിക്കുകയും ചെയ്തു. മന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ടി. കെ. എം. എന്‍ജിനീയറിങ് കോളേജിന്റെ ബാക് ടു ഹോം പദ്ധതിയില്‍പ്പെടുത്തി നാല്‍പ്പത് ദിവസം കൊണ്ടാണ് പുന്തലത്താഴത്തു ചിറയില്‍ പുതിയ വീട് പൂര്‍ത്തീകരിച്ചത്. കോളേജിലെ സിവില്‍, ആര്‍ക്കിടെക്ചര്‍ വകുപ്പുകളും എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളും സഹായ ഹസ്തവുമായെത്തി. രണ്ടു മുറികളും, ഒരു ചെറിയ ഡൈനിങ്ങ് ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പടെ അഞ്ഞൂറ് ചതുരശ്ര അടിയുള്ള വീട് ഏഴു ലക്ഷത്തിലധികം രൂപ ചിലവിലാണ് നിര്‍മ്മിച്ചത്. അടിസ്ഥാനവും മേല്‍ക്കൂരയും പ്രീഫാബ് കോണ്‍ക്രീറ്റ് യൂണിറ്റുകള്‍ കൊണ്ടും ഭിത്തികള്‍ ഇന്റെര്‍ലോക്കിങ് കട്ടകള്‍ കൊണ്ടുമാണ് നിര്‍മിച്ചിരിക്കുന്നത്. തങ്ങളുടെ സഹപാഠികളുടെ സ്‌നേഹസ്പര്‍ശമുള്ള വീടിന് സ്‌നേഹതീരം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.വീടിനോടൊപ്പം അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങളും ടി.കെ.എം.കോളേജിന്റെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയാണ് നല്‍കുന്നത്. ഫെബ്രുവരി ഇരുപത്തിരണ്ട് വെള്ളിയാഴ്ച രണ്ടു മണിക്ക് മന്ത്രി ജെ. മെഴ്സികുട്ടിയമ്മയും ടി .കെ .എം . ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസ്‌ലിയാരും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. എസ്. അയൂബ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here