ശര്‍ക്കരയ്ക്കുള്ള ആദ്യ അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് മറയൂര്‍ ശര്‍ക്കരയ്ക്ക്

0
6
മറയൂര്‍ ശര്‍ക്കരയുടെ അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശന നഗരിയിലെ സ്റ്റാള്‍

കൊല്ലം: മധുരംകൊണ്ടും ഗുണമേന്‍മക്കൊണ്ടും ലോകപ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയ്ക്ക് അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്. ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഈ സര്‍ട്ടിഫിക്കറ്റിന്റെ പെരുമയുമായാണ് മറയൂര്‍ ശര്‍ക്കര കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലെ നാഷണല്‍ അഗ്മാര്‍ക്ക് എക്സ്പോയിലെത്തിയിരിക്കുന്നത്.വിപണിയിലെത്തുന്നതില്‍ തൊണ്ണൂറ് ശതമാനവും വ്യാജ മറയൂര്‍ ശര്‍ക്കരയാണ്. കുറഞ്ഞ ചെലവില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിര്‍മിക്കുന്ന വ്യാജ ശര്‍ക്കര വിപണി കീഴടക്കിയിരുന്നു. കൊള്ളലാഭം ലക്ഷ്യമിട്ട് വ്യാപാരികളും യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയെ തഴഞ്ഞ് വ്യാജശര്‍ക്കരയ്ക്ക് വിപണിയൊരുക്കി. ന്യായ വില നിഷേധിക്കപ്പെട്ടതോടെ മറയൂരിലെ കരിമ്പ് കര്‍ഷകര്‍ കടക്കെണിയിലായി. പലരും കരിമ്പ് കൃഷി ഉപേക്ഷിച്ചു. ഈ സാഹചര്യത്തില്‍ കരിമ്പ് കര്‍ഷകരെ സംരക്ഷിക്കാനും വിപണിയില്‍ നിന്ന് വ്യാജ ശര്‍ക്കരയെ അകറ്റാനും കൃഷിവകുപ്പ് നേരത്തെ പദ്ധതി ആവഷ്‌കരിച്ചിരുന്നു. ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇതിനിടെയാണ് രാജ്യത്തെ ആഭ്യന്തര കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മ സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാര്‍ക്കറ്റിങ് ആന്റ് ഇന്‍സ്പെക്ഷന്‍ ഡയറക്ടറേറ്റിന്റെ അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് മറയൂര്‍ ശര്‍ക്കരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓരോ ബാച്ചും സ്റ്റേറ്റ് അഗ്മാര്‍ക്ക് ലബോറട്ടറിയില്‍ പരിശോധിച്ച ശേഷമാണ് വിപണിയിലെത്തുന്നത്. വിപണിയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മറയൂര്‍ ശര്‍ക്കരയ്ക്ക് വലിയ വിപണി സാധ്യതയാണുണ്ടായിരിക്കുന്നത്.അഗ്മാര്‍ക്ക് എക്സ്പോയില്‍ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് മറയൂര്‍ ശര്‍ക്കരയുടെ സ്റ്റാള്‍. 160 രൂപ വിലയുള്ള ഒരു കിലോ ശര്‍ക്കരയ്ക്ക് സ്റ്റാളില്‍ 150 രൂപയാണ് ഈടാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here