അനന്തപുരി യാഗഭൂമിയായി; ഭക്തലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

0
20
ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാലയര്‍പ്പിക്കുന്ന ഭക്തര്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു.അനന്തപുരിയാകെ ഒരു യാഗഭൂമിയുടെ പ്രതീതി ജനിപ്പിച്ചു.പൊങ്കാല അടുപ്പുകള്‍ എരിഞ്ഞടങ്ങിയപ്പോള്‍ പെണ്‍മനസ്സുകള്‍ക്ക് ദേവീ ചൈതന്യത്തിന്റെ സായൂജ്യം. ബുധനാഴ്ച രാവിലെ 10.15നാണ് പൊങ്കാല ആരംഭിച്ചത്.തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലിനുള്ളില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിക്ക് കൈമാറി. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ചതിനു ശേഷം സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്കും തീ പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.ഇതേ ദീപം ഉപയോഗിച്ച് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകര്‍ന്നതോടെ ഒരാണ്ടായി ഭക്തര്‍ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി. തുടര്‍ന്ന് ജില്ലയിലൊട്ടാകെയുളള പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി പകരുകയായിരുന്നു.ക്ഷേത്രാങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപളൡസുരേന്ദ്രന്‍,ശശി തരൂര്‍ എം പി ,എം എല്‍ എ മാരായ കെ മുരളീധരന്‍, ഒ രാജഗോപാല്‍,വി എസ് ശിവകുമാര്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.ഉച്ചക്ക് 2.15ന് 250 ഓളം ശാന്തിമാര്‍ വിവിധ മേഖലകളില്‍ കടന്നു ചെന്ന് പൊങ്കാല അടുപ്പുകളില്‍ പുണ്യാഹം തളിച്ചു.ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ, സിനിമാ താരങ്ങളായ ജലജ,ജയറാമിന്റെ ഭാര്യ പാര്‍വ്വതി,ചിപ്പി,സീമ ജി നായര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പൊങ്കല അര്‍പ്പിക്കാന്‍ ഇത്തവണയും ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.വിദൂര ദേശങ്ങളില്‍ നിന്നുപോലും നിരവധി ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാവിലെ വരെ ട്രെയിനിലും കെ എസ് ആര്‍ ടി സി ബസിലും സ്വകാര്യ വാഹനങ്ങളിലുമായി നിരവധിപേര്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയിരുന്നു.വിവിധ റെസിഡന്‍സ് അസോസിയേഷനുകളും ഭക്തജനസംഘടനകളും നഗരത്തിലെമ്പാടും ഫ്‌ളക്‌സുകളും പന്തലുകളും ഒരുക്കിയിരുന്നു.പൊങ്കാലയ്‌ക്കെത്തിയവര്‍ക്കെല്ലാം അന്നദാനം ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കിക്കൊടുത്തു.പൊങ്കാലക്കെത്തിയവര്‍ സൂര്യാഘാതം ,തീപിടുത്തം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വെക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി വ്യാപകമായ ബോധവല്‍ക്കരണം നടത്തിയിരുന്നു.സെക്രട്ടേറിയറ്റിനു മുമ്പില്‍ നടന്ന പൊങ്കാലയില്‍ കെ എസ് ആര്‍ ടി സി എം പാനല്‍ ജീവനക്കാര്‍ പൊങ്കാലയര്‍പ്പിച്ചു.കാസര്‍കോഡ് പെരിയായില്‍ രണ്ട് യുവാക്കളെ കൊല ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാലയും അര്‍പ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here