മലയാള സിനിമയുടെ ശാലീനസൗന്ദര്യം

0
64

മലയാളസിനിമയുടെ ശാലീനസൗന്ദര്യമാണ് നടി ജലജ. 1970കളിലും 80കളിലുമായി 110ലേറെ ചിത്രങ്ങള്‍. 1981ല്‍ ലെനിന്‍ രാജേന്ദ്രന്റെ വേനല്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും. നവധാരാ ചിത്രങ്ങളിലെന്നപോലെ മധ്യവര്‍ത്തി സിനിമകളിലും കച്ചവടസിനിമകളിലും അഭിനയിച്ച അപൂര്‍വ്വം നടികളില്‍ ഒരാള്‍. മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിന്റെ അവിഭാജ്യ ഘടകം. പറ്റിയ കഥാപാത്രങ്ങള്‍ വന്നാല്‍ രണ്ടാം വരവിന് തയ്യാര്‍. ജലജയുടെ മകളും പഠിത്തം കഴിഞ്ഞു വന്നാല്‍ സിനിമയിലേക്ക് തന്നെ.
മലയാളസിനിമയിലെ ‘രാധ എന്ന പെണ്‍കുട്ടി’യെ ഓര്‍മ്മയില്ലേ? അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായത്തിലെ ശ്രീദേവി, കെ. ജി. ജോര്‍ജിന്റെ യവനികയിലെ രോഹിണി, ജോര്‍ജിന്റെ തന്നെ ഉള്‍ക്കടലിലെ സൂസന്ന, ലെനിന്‍ രാജേന്ദ്രന്റെ വേനലിലെ രമണി, വി. ആര്‍. ഗോപിനാഥിന്റെ ഗ്രീഷ്മത്തിലെ രതി, പത്മരാജന്റെ കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല എന്നിവയിലെ രാഗിണിയും സാറാ ടീച്ചറും, ടി. ചന്ദ്രന്റെ ആലീസിന്റെ അന്വേഷണത്തിലെ ആലീസ്, എം. പി. സുകുമാരന്‍ നായരുടെ അപരാഹ്നത്തിലെ ലതിക…. അങ്ങനെ നൂറ്റിപതിനാറോളം ഉജ്ജ്വലകഥാപാത്രങ്ങളെ അനശ്വരമാക്കിയ ജലജ, ചലച്ചിത്രരംഗം വിട്ടിട്ട് 23 വര്‍ഷം കഴിഞ്ഞിരിക്കുന്നു. തന്റെ ഭൂതകാലത്തേക്കും ഭാവിയിലേക്കും ഒരു പ്രദക്ഷിണം വയ്ക്കുകയാണ് ജലജ; ഈ അഭിമുഖത്തിലൂടെ…

? ഒരു പതിറ്റാണ്ട് നീണ്ട അഭിനയജീവിതം. നൂറ്റിപ്പത്തിലേറെ ചിത്രങ്ങള്‍. വലുതും ചെറുതമായ കഥാപാത്രങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു.

പ്രശസ്തരായ സംവിധായകരുടെ പ്രമുഖ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം. ലോകോത്തര സംവിധായകനായ അരവിന്ദന്റെ തമ്പിലായിരുന്നു തുടക്കം. അടൂരിന്റെ എലിപ്പത്തായം, കെ. ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍, യവനിക, എം.ടിയുടെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വി. ആര്‍. ഗോപിനാഥിന്റെ ഗ്രീഷ്മം, ലെനിന്‍ രാജേന്ദ്രന്റെ വേനല്‍, ചില്ല്, ഭരതന്റെ മര്‍മ്മരം, ഒഴിവുകാലം, പത്മരാജന്റെ കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല, അപരന്‍, ടി. വി. ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം, എം. പി. സുകുമാരന്‍ നായരുടെ അപരാഹ്നം തുടങ്ങിയ കലാമേന്മയേറിയ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യം തന്നെയാണ്. കൂടാതെ ജനപ്രിയസംവിധായകരായ പ്രിയദര്‍ശന്‍, ഫാസില്‍, ജോഷി, ഐ. വി. ശശി, ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട്, പി. ജി. വിശ്വംഭരന്‍, ബാലു കിരിയത്ത്, ശ്രീകുമാരന്‍ തമ്പി, സാജന്‍, ശശികുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും മികച്ച റോളുകള്‍ ലഭിച്ചു. മലയാള സിനിമയുടെ ഒരു സുവര്‍ണ്ണകാലഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്. മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ നടി എന്ന ഖ്യാതി ലഭിച്ചതിലും സന്തോഷമുണ്ട്.

ആര്‍ട്ട് ഫിലിമുകളിലും മധ്യവര്‍ത്തി സിനിമകളിലും കച്ചവട സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടല്ലോ. ആര്‍ട്ട് ഫിലിമുകളില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രത്യേകത.

മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ആര്‍ട്ട് ഫിലിമുകള്‍ റിയലിസ്റ്റിക് ആയിരിക്കും. പൊടിപ്പും തൊങ്ങലുമില്ലാതെ, ആട്ടവും പാട്ടുമില്ലാതെ ജീവിതത്തിനെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കുമ്പോള്‍ അഭിനേതാക്കള്‍ക്കും തനതായ അഭിനയശൈലി ആര്‍ജ്ജിച്ചെടുക്കേണ്ടി വരും. അത് ഒരു വലിയ ഉത്തരവാദിത്വം തന്നെയാണ്.

? അന്നത്തെ സിനിമകളെ കൂട്ടായി വിലയിരുത്തുമ്പോള്‍ എന്തു തോന്നുന്നു.

മലയാളത്തിലെ ശരിക്കുമുള്ള ന്യൂ ജനറേഷന്‍ സിനിമ, ഞങ്ങളുടെ കാലത്തെ സിനിമയാണ്. ഭൂമിയില്‍ കാലുറച്ചു നില്‍ക്കുന്ന സിനിമകള്‍. നെടുമുടി വേണു, വേണു നാഗവള്ളി, തിലകന്‍, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു അന്നത്തെ നടന്മാര്‍. അവരാരും തന്നെ സിനിമാക്കാരായിരുന്നെന്ന് തോന്നിയിരുന്നില്ല. മനസ്സില്‍ തട്ടുന്ന കഥയും കഥാപാത്രങ്ങളും. ഒരിക്കലും വിസ്മൃതിയിലാകാത്ത പാട്ടുകള്‍. ”ഒരുവട്ടം കൂടി” എന്നാരംഭിക്കുന്ന ഒ.എന്‍.വിയുടെ ഗാനം തന്നെയാണ് ഉദാഹരണം.
? പുതിയ നടികളില്‍ പലരും ഒന്നോ രണ്ടോ മൂന്നോ ചിത്രങ്ങള്‍ കഴിയുമ്പോള്‍ ഫീല്‍ഡ് ഔട്ടാകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. എന്തുകൊണ്ടാണിങ്ങനെ.
നമ്പര്‍ കൂടിയതാണ് പ്രശ്‌നം. ശാരദയും ഷീലയും നായികമാരായിരുന്നപ്പോള്‍ അവര്‍ക്കൊപ്പമെത്താന്‍ മറ്റു നടികളുണ്ടായില്ല. എന്നാല്‍ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അംബിക, രോഹിണി, രേവതി, മേനക, നദിയാ മൊയ്തു എന്നിവരും വളരെ സജീവമായിരുന്നു. ഇന്ന് ആര്‍ക്കും സിനിമ പിടിക്കാമെന്ന അവസ്ഥയാണ്. ടെക്‌നോളജി അത്രത്തോളം വളര്‍ന്നു. എന്നാല്‍ ഞങ്ങളുടെ കാലത്തുണ്ടായിരുന്ന കൂട്ടായ്മ ഇന്നില്ല. കാലത്തിനൊത്ത് കോലം മാറണം എന്നല്ലേ പ്രമാണം.

? ന്യൂ ജനറേഷന്‍ സിനിമകളെപ്പറ്റി എന്തു പറയുന്നു.

ഓരോ കാലഘട്ടത്തിലെയും ജീവിതത്തിന്റെ കണ്ണാടിയാണ് സിനിമ. ഞാന്‍ ഉള്‍ക്കടലില്‍ അഭിനയിക്കുമ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. അന്ന് സമൂഹത്തില്‍ പ്രണയത്തിന് പരിശുദ്ധിയുണ്ടായിരുന്നു. ഇപ്പോള്‍ പ്രണയം ഇന്‍സ്റ്റന്റാണ്. അതാണ് സിനിമയിലും കാണുന്നത്. പക്ഷേ, എന്തിനും ഒരതിരുണ്ട്. മറയ്‌ക്കേണ്ടിടത്ത് മറയ്ക്കണം.

? അതിരുകള്‍ ലംഘിക്കുന്ന പ്രവണത മുമ്പും ഉണ്ടായിട്ടില്ലേ.

നല്ല സിനിമയും ചീത്ത സിനിമയും എല്ലാ കാലത്തും ഉണ്ടായിരുന്നു. നവധാരാ സിനിമകള്‍ ഉണ്ടായപ്പോള്‍ അടൂരിനും അരവിന്ദനുമൊപ്പം മറ്റു പല സംവിധായകരും രംഗത്തുണ്ടായിരുന്നില്ലേ? പക്ഷേ, പില്ക്കാലത്ത് അടൂരും അരവിന്ദനും ഒഴികെയുള്ളവരുടെ സിനിമകള്‍ വിസ്മൃതിയിലായി. ന്യൂ ജനറേഷന്റെ കാര്യത്തിലും അതുതന്നെ സംഭവിക്കും. അതിലും നല്ല സിനിമകള്‍ നിലനില്‍ക്കും. പുതിയ ട്രെന്‍ഡിന് അനുസരിച്ച് സിനിമകളുടെ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, കാലത്തിന്റെ കുത്തൊഴുക്കില്‍ കലാമേന്മകളില്ലാത്ത ചിത്രങ്ങള്‍ ഒഴുകിമറയും. മാത്രവുമല്ല സിനിമ ഇന്ന് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മഹാവിസ്മയമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ തുടക്കത്തില്‍ നിശ്ശബ്ദ സിനിമകളാണ് ആദ്യം ഉണ്ടായത്. പിന്നീട് സംഭാഷണവും സംഗീതവും വന്നു. ഇപ്പോള്‍ ഡിജിറ്റല്‍ സിനിമയില്‍ എത്തി നില്‍ക്കുന്നു. ഈ സാങ്കേതിക വിപ്ലവത്തെ അഭിനന്ദിച്ചേ മതിയാകൂ.

? ചെറുപ്പത്തില്‍ സിനിമാനടിയാകണമെന്ന് ആഗ്രഹിച്ചിരുന്നോ.

ഇല്ല. അങ്ങനെ ഒരു സ്വപ്‌നമേ ഉണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ ഞങ്ങള്‍ മലേഷ്യയിലായിരുന്നു. അച്ഛന്‍ ഇംഗ്ലീഷ് പ്രൊഫസറായ തകഴി വാസുദേവന്‍ പിള്ള. അമ്മ സരസ്വതി അമ്മ. ഞാന്‍ നാലാം ക്ലാസ്സു വരെ മലേഷ്യയിലാണ് പഠിച്ചത്. അവിടെ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങി. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണ് അച്ഛന്‍ പഠിപ്പിച്ചത്. ഇംഗ്ലീഷ് എം.എ വരെ പഠിച്ചു. വളരെ യാദൃച്ഛികമായാണ് സിനിമയില്‍ എത്തിപ്പെട്ടത്. പഠിത്തത്തില്‍ മുടക്കം വരാതെ തന്നെ അഭിനയം തുടര്‍ന്നു.

? സിനിമാരംഗം വിട്ടിട്ട് 26 വര്‍ഷമായല്ലോ. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോ.

പറ്റിയ റോള്‍ കിട്ടിയാല്‍ തിരിച്ചുവന്നെന്നിരിക്കും. നല്ല നല്ല സിനിമകളില്‍ നല്ല നല്ല റോളുകളിലാണ് മുമ്പ് അഭിനയിച്ചിട്ടുള്ളത്. അന്ന് കൈവരിച്ച ഇമേജ് ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈയിടെ നടി രോഹിണി എന്നോട് പറഞ്ഞു: ‘ജലജയ്ക്ക് കിട്ടിയ നല്ല കഥാപാത്രങ്ങളെല്ലാം വളരെ ഉജ്ജ്വലമാണ്. ആ നിലയ്ക്ക് ജലജ ഭാഗ്യവതിയാണ്.” അന്നത്തെപ്പോലെ എനിക്ക് അനുയോജ്യമായ ഒരു റോള്‍ ഉരുത്തിരിഞ്ഞു വന്നാല്‍ അഭിനയിക്കും. എനിക്ക് വിധിയുണ്ടെങ്കില്‍ വരും. അത്രതന്നെ. വീണ്ടും അഭിനയിക്കണമെന്ന് അത്ര വലിയ ആഗ്രഹമൊന്നുമില്ല.

? കുടുംബത്തെക്കുറിച്ച്

ഭര്‍ത്താവ് പ്രശാന്ത് നായര്‍ അംഗോളയില്‍ ഓയില്‍ കമ്പനിയുടെ ജനറല്‍ മാനേജരാണ്. മകള്‍ ദേവി ഫ്രാന്‍സിലാണ്. ഫൈനല്‍ ഇയര്‍ ഡിഗ്രിക്ക് പഠിക്കുന്നു.
? നടന്മാരും നടികളും സ്വന്തം മക്കളെ പിന്‍ഗാമികളാക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ. അങ്ങനെ ഒരാലോചന ഇപ്പോഴുണ്ടോ.

പഠിത്തം കഴിഞ്ഞ് മടങ്ങി നാട്ടിലെത്തിയാല്‍ സിനിമയില്‍ അഭിനയിക്കണമെന്നാണ് മകളുടെ ആഗ്രഹം.

മകളെക്കുറിച്ച പറഞ്ഞുംതീരുംമുമ്പ് മകളുടെ ഫോണ്‍ വിളി വന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അച്ചട്ടായി. ആ വിളി മകളുടെ സിനിമയിലേക്കുള്ള മണിമുഴക്കമാകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here