സി.പി.എമ്മും എന്‍.എസ്.എസും

0
8

കേരളത്തിലെ സമുദായ സംഘടനകളോടൊന്നും സി.പി.എമ്മിന് യാതൊരു ശത്രുതയും ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്‍.എസ്.എസ്സിനോട് ബഹുമാനമാണെന്നും എന്തെങ്കിലും ഭിന്നത പാര്‍ട്ടിയുമായി ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോള്‍ ഇടതുമുന്നണിയുടെ തെക്കന്‍ ജാഥ നയിച്ചുകൊണ്ടിരിക്കുന്ന സി.പി.എം സെക്രട്ടറി ചര്‍ച്ചയ്ക്കായി എന്‍.എസ്.എസ്സിന്റെ ആസ്ഥാനത്ത് എത്താമെന്ന് സൗമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഒരു നിമിഷം പോലും ആലോചിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആഗ്രഹത്തെ പാടേ അവഗണിച്ചുകളഞ്ഞു. ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് ആരും വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായും സി.പി.എം നേതൃത്വവുമായും എന്‍.എസ്.എസ്സിനു ഇനി ചര്‍ച്ച ചെയ്യാനൊന്നുമില്ല. ശബരിമല പ്രശ്‌നത്തെക്കുറിച്ച് പറയാനാണെങ്കില്‍ അത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വിധി പോലെ കാര്യങ്ങള്‍ നടക്കട്ടെ എന്നാണ് എന്‍.എസ്.എസ്സിന്റെ സുദൃഢമായ നിലപാട്.

എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് എന്നീ സാമുദായിക സംഘടനകളെ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളായിട്ടാണ് സി.പി.എമ്മിന്റെ സമുന്നതരായ നേതാക്കള്‍ എക്കാലവും കണ്ടിട്ടുള്ളത്. രാഷ്ട്രീയ കാര്യങ്ങള്‍ ആ സംഘടനയുടെ നേതാക്കളുമായി ഒരിക്കലും സംസാരിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് താല്പര്യമുണ്ടായിട്ടില്ല. കോണ്‍ഗ്രസിനേക്കാള്‍ വെറുക്കപ്പെടേണ്ട ബൂര്‍ഷ്വാ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ വേദിയില്‍ നിന്ന് ബഹുദൂരം അകറ്റിനിര്‍ത്തണമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും ഈ സാമുദായിക സംഘടനകള്‍ അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങള്‍ വിലപ്പെട്ടതാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാകുന്നതിനു മുമ്പ് സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പ്രക്ഷോഭരൂപത്തില്‍ ജനമധ്യത്ത് അവതരിപ്പിച്ചത് ഇത്തരം സാമുദായിക സംഘടനകളിലൂടെയാണ്. അവയുടെ ചരിത്രപരമായ പ്രാധാന്യം വിസ്മരിക്കാനാര്‍ക്കും ആവില്ല. പക്ഷേ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അവയോട് തികച്ചും വിമര്‍ശനാത്മകമായ സമീപനമാണ് എക്കാലത്തും ഉണ്ടായിരുന്നത്. ഈയിടെ ആ സമീപനത്തില്‍ എന്തെങ്കിലും മാറ്റം പാര്‍ട്ടിക്ക് വന്നിട്ടുണ്ടോ എന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളും സമീപനങ്ങളും കണ്ടാല്‍ സാമുദായിക പ്രസ്ഥാനങ്ങളോടുള്ള പാര്‍ട്ടിയുടെ നിലപാടുകള്‍ മുഴുവന്‍ തിരുത്തിയതായി തോന്നും. അങ്ങനെ വല്ലതുമുണ്ടെങ്കില്‍ ആ കാര്യം അണികളുടെ അറിവിനും തെറ്റായ ധാരണകള്‍ തിരുത്തുന്നതിനും വേണ്ടി തുറന്നുപറയേണ്ടതാണ്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമുദായങ്ങളോട് ഒരു കപട പ്രേമം നടിക്കുന്നതുപോലെ കരുതേണ്ടിവരും.

വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളെ നിര്‍വ്വചിക്കുന്നതിലും വിലയിരുത്തുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് താത്വികമായ ഒരു നിലപാടുണ്ട്. അത് തികച്ചും ആദര്‍ശാത്മകമാണെന്ന് ഓരോ കമ്മ്യൂണിസ്റ്റുകാരനും ശ്വസിക്കുന്നു. വര്‍ഗ്ഗവൈരുദ്ധ്യങ്ങളെ കൗശലപൂര്‍വ്വം ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കുന്ന തന്ത്രസമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടികളില്‍ പെട്ടതാണ്. വിപ്ലവപ്രവര്‍ത്തനം ഉപേക്ഷിച്ച് അധികാര രാഷ്ട്രീയത്തിനുവേണ്ടി തിരഞ്ഞെടുപ്പ് ഒരേ ഒരു ലക്ഷ്യമായി കമ്മ്യൂണിസ്റ്റുകാര്‍ കാണാന്‍ തുടങ്ങിയതോടെ പിണറായിയും കോടിയേരിയും ഉള്‍പ്പെടെ കേരളത്തിലെ നേതാക്കള്‍ പലരും സാമ്പ്രദായിക കമ്മ്യൂണിസ്റ്റുകാര്‍ക്ക് ‘പ്രതിലോമകാരി’കളാണ്. സമുദായ സംഘടനയുടെ നേതാവിനെ കാണാന്‍ കാലവും സ്ഥലവും നിശ്ചയിച്ച് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അനുവാദം മേടിച്ച് അങ്ങോട്ടു പോകാറില്ല. തിരിച്ചാണ് സംഭവിക്കാറുള്ളത്. എന്‍.എസ്.എസ്സിനോടുള്ള കോടിയേരി ബാലകൃഷ്ണന്റെ വിനയവും എളിമയുമൊക്കെ കാണുമ്പോള്‍ രണ്ട് സീറ്റില്‍ ജയിക്കാന്‍ ഇത്രത്തോളം താഴണോ എന്ന് സ്വന്തം പാര്‍ട്ടിയിലെ അണികള്‍ തന്നെ മൂക്കത്ത് വിരല്‍ വെച്ച് ചോദിക്കുന്നു. കോടിയേരിയുടെ അഭ്യര്‍ത്ഥന എന്‍.എസ്.എസ് നേതൃത്വം നിരസിക്കുക കൂടി ചെയ്തപ്പോള്‍ സി.പി.എം അകപ്പെട്ടിരിക്കുന്ന ഗതികേടിന്റെ പരമമായ ആഴവും കേരള സമൂഹം തിരിച്ചറിയുന്നു. ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ ‘ബൂര്‍ഷ്വാ’ പാര്‍ട്ടികളും സി.പി.എമ്മും തമ്മില്‍ ഇനി എന്തു വ്യത്യാസം എന്നുമാത്രമേ അറിയേണ്ടതുള്ളൂ. പേരിലും കൊടിയുടെ നിറത്തിലും ഉള്ള വ്യത്യാസമല്ല പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകേണ്ടത്. ആദര്‍ശ സമീപനങ്ങളിലെ അന്തരമാണ് ഏറ്റവും പ്രധാനം. അതില്ലെങ്കില്‍ പിന്നെ കേരളത്തില്‍ സി.പി.എം എന്തിനെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here