ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണച്ചു; പുക നിയന്ത്രണവിധേയം

0
4

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പടര്‍ന്നുപിടിച്ച തീയണച്ചെന്നും പുക നിയന്ത്രണ വിധേയമായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ തീയണക്കാന്‍ കഴിയുമെന്നായിരുന്നു ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പത്തോളം അഗ്‌നിസുരക്ഷാ യൂണിറ്റുകള്‍ പരിശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ പുനരാരംഭിച്ച തീയണക്കല്‍ ശ്രമം ഉച്ചയോടെ ഫലം കാണുകയായിരുന്നു.

മാലിന്യത്തിന് അടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചു. നഗത്തിന്റെ മറ്റു മേഖലകളിലേക്ക് പുക പടര്‍ന്നിരുന്നു. പുകയ്ക്കൊപ്പം പ്ലാസ്റ്റിക് കത്തിയ ദുര്‍ഗന്ധവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പുക രൂക്ഷമായതോടെ കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും അസ്വസ്ഥതകളുണ്ടായി.

തീപിടിത്തതിന് പിന്നാലെ റവന്യു മന്ത്രി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തീപിടിത്തതില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്ലാന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ രണ്ടുമാസത്തിനിടെയുണ്ടാകുന്ന നാലമത്തെ തീപിടിത്തമായിരുന്നു ഇത്. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. തീപിടുത്തത്തിനിടെ കിലോമീറ്ററുകളോളം പുക പടര്‍ന്നു. പുക വ്യാപകമായത് നാട്ടുകാരില്‍ പലര്‍ക്കും ശ്വാസതടസ്സം സൃഷ്ടിച്ചു. വാഹനങ്ങള്‍ക്കും തടസ്സമായി. എന്നാല്‍ തീ നിയന്ത്രണ വിധേയമായിട്ടും ഇന്നും പുക ഉയരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here