ഇമാമിനെതിരായ പീഡനക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

0
3

തിരുവനത്തപുരം തിരുവനത്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ഡിജിപി ഉത്തരവിറക്കി.കേസന്വേഷണം കൂടുതല്‍ വേഗത്തിലാക്കാനും പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനുമായാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 14 അംഗങ്ങളുള്ള സംഘത്തെയാണ് കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നേരിട്ടുളള നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്.നെടുമങ്ങാട് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍, പാലോട് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍ , വിതുര എസ്എച്ച്ഒ വി നിജാം എന്നിവരും മൂന്ന് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.കേസിലെ പ്രതികളെ പിടികൂടുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുമായി അഞ്ച് സംഘങ്ങള്‍ അന്വേഷണം നടത്തിവരികയാണ്. സൈബര്‍ സെല്ലിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും സഹകരണത്തോടെ കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ കാര്യക്ഷമമായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് മേധാവിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here