നെടുമങ്ങാട് നാലുവരിപാത;ജനകീയ സമ്മര്‍ദ്ദം തുടരുന്നു

0
17

സുനില്‍ നായര്‍
നെടുമങ്ങാട്: ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച പഴകുറ്റി – വഴയില നാലുവരിപ്പാതയ്ക്കായി ജനകീയ കൂട്ടായ്മകള്‍.348 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ നാലുവരിപ്പാത രണ്ടുവരിയായി ചുരുക്കാനുള്ള കിഫ്ബി അധികൃതരുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിലെ 50 ഓളം വോളണ്ടിയര്‍മാര്‍ വഴയില മുതല്‍ പഴകുറ്റി വരെയുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സര്‍വേയ്ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. സ്ഥലമെടുപ്പിനെ ചൊല്ലി പ്രതിഷേധം ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തായിരുന്നു ബോധവത്കരണം. എതിര്‍പ്പിന്റെ മറവില്‍ ഫണ്ട് പിന്‍വലിച്ച് കിഫ്ബി പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുകയാണെന്നുള്ള കാര്യം വോളണ്ടിയര്‍മാര്‍ സ്ഥലവാസികളെ പറഞ്ഞുമനസിലാക്കി. തങ്ങള്‍ക്ക് എതിര്‍പ്പ് ഇല്ലെന്നും നാലുവരിപ്പാത നാടിന്റെ ആവശ്യമാണെന്നുമായിരുന്നു കാര്യങ്ങള്‍ മനസിലാക്കിയ സ്ഥലവാസികളുടെ പ്രതികരണം. അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ നെടുമങ്ങാട്ടെ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മകളും യുവജന സംഘടനകളും നാലുവരിപ്പാത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. കോയിക്കല്‍ കൊട്ടാര വളപ്പില്‍ ചേര്‍ന്ന യുവജനകൂട്ടായ്മ കിഫ്ബി ഡയറക്ടര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, റോഡ് ഏറ്റെടുക്കുമെന്ന അറിയിപ്പ് സംബന്ധിച്ച് എന്‍.എച്ച് അതോറിട്ടിയോട് വിശദീകരണം തേടിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവിധ രാഷ്ട്രീയ കക്ഷികള്‍ സമരത്തിന് ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here