സയിദ് മുഷ്താഖ് അലി ടി20; കേരളത്തിന് ജയം

0
6

വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളം വീണ്ടും വിജയവഴിയില്‍. ജമ്മു കശ്മീരിനെ 94 റണ്‍സിനു തകര്‍ത്ത കേരളം, സീസണിലെ മൂന്നാം ജയമാണ് കുറിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ മണിപ്പൂര്‍, ആന്ധ്രാപ്രദേശ് ടീമുകളെ തോല്‍പ്പിച്ച കേരളം മൂന്നാം മല്‍സരത്തില്‍ ഡല്‍ഹിയോടു തോറ്റിരുന്നു. ടോസ് നേടിയ ജമ്മു കശ്മീര്‍ കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. അര്‍ധസെഞ്ചുറി കുറിച്ച വിനൂപ് ഷീല മനോഹരന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ കേരളം കുറിച്ചത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ്. എന്നാല്‍ ബോളിങ്ങില്‍ കേരളം തനിനിറം കാട്ടിയതോടെ ജമ്മു കശ്മീര്‍ 65 റണ്‍സിന് എല്ലാവരും പുറത്തായി. കേരളത്തിന് നാലു മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റും ലഭിച്ചു.
ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും (ഒന്ന്), രോഹന്‍ പ്രേമും (ഏഴു പന്തില്‍ നാല്) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മല്‍സരത്തില്‍ വിനൂപ് ഷീല മനോഹരന്റെ അര്‍ധസെഞ്ചുറിയാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 42 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം വിനൂപ് 52 റണ്‍സെടുത്തു.
ഓപ്പണര്‍ വിഷ്ണു വിനോദ് (13 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 23), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (17 പന്തില്‍ ഒരു സിക്‌സ് സഹിതം 14), മുഹമ്മദ് അസ്ഹറുദ്ദീന്‍ (25 പന്തില്‍ രണ്ടു സിക്‌സ് സഹിതം 32), സല്‍മാന്‍ നിസാര്‍ (14 പന്തില്‍ രണ്ടു സിക്‌സ് സഹിതം പുറത്താകാതെ 23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ജമ്മു കശ്മീരിനായി ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അതിഥി താരമായ ഇര്‍ഫാന്‍ പഠാന്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കേരള ബോളര്‍മാര്‍ പുറത്തെടുത്തത്. 28 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 24 റണ്‍സെടുത്ത ജാട്ടിന്‍ വദ്വാനാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍. വദ്വാനു പുറമെ ജമ്മു കശ്മീര്‍ നിരയില്‍ രണ്ടക്കം കടന്നത് ഒന്‍പതു പന്തില്‍ 10 റണ്‍സെടുത്ത ഇര്‍ഫാന്‍ പഠാന്‍ മാത്രം. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തില്‍ത്തന്നെ കൂടാരം കയറി. പന്തെടുത്തവര്‍ക്കെല്ലാം വിക്കറ്റ് കിട്ടിയ മല്‍സരത്തില്‍ 3.2 ഓവറില്‍ ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത എസ്.മിഥുന്റെ പ്രകടനം ശ്രദ്ധേയമായി. വിനൂപ് മനോഹരന്‍, എം.ഡി. നിധീഷ് എന്നിവര്‍ രണ്ടു വീതവും സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here