കനകക്കുന്നിന് അഭിമുഖമായി ഗുരുദേവന്റെ വെങ്കല പ്രതിമ

0
152

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയുടെ പെരുമ പേറുന്ന ജില്ലയില്‍ സംസ്ഥാനസര്‍ക്കാര്‍ ഗുരുവിന്റെ വെങ്കല പ്രതിമ സ്ഥാപിക്കുന്നു. തലസ്ഥാന നഗരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ എട്ടടി ഉയരത്തിലുള്ള വെങ്കല പ്രതിമ സ്ഥാപിക്കാനൊരുങ്ങുകയാണ് സാംസ്‌കാരിക വകുപ്പ്.
പ്രതിമ നിര്‍മാണത്തിനും, അനുബന്ധമായി പാര്‍ക്കും നിര്‍മിക്കാന്‍ 1.19 കോടി രൂപ അനുവദിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവായി. ”നമുക്ക് ജാതിയില്ലെ’ന്ന ഗുരുവിന്റെ വിളംബരത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമയുടെ പീഠം പത്തടി ഉയരത്തിലാണ് നിര്‍മിക്കുക. ഉണ്ണി കാനായിയാണ് ശില്‍പി. നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. കനകക്കുന്നിന് എതിര്‍വശം വാട്ടര്‍അതോറിറ്റിയുടെ കല്‍മണ്ഡപത്തിന് സമീപത്തുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുന്നത്. റവന്യുവകുപ്പിന്റെ 20 സെന്റ് സ്ഥലം പ്രതിമ സ്ഥാപിക്കാന്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി.
മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സാംസ്‌കാരിക വകുപ്പിന്റെ കണക്കുകൂട്ടല്‍. ഗ്രാനൈറ്റ് പാകിയതായിരിക്കും ശില്‍പത്തിന്റെ പീഠം. ഇതോടൊപ്പം നിര്‍മിക്കുന്ന പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിക്കും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ”ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷികം സംസ്ഥാന വ്യാപകമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചിരുന്നു.
വാര്‍ഷികാഘോഷങ്ങള്‍ക്ക് പുറമേ നവോത്ഥാന സ്മരണകള്‍ ഉണര്‍ത്തുന്ന നവോത്ഥാന സമുച്ചയം നിര്‍മിക്കാനുള്ള നടപടികളും സാംസ്‌കാരിക വകുപ്പ് ആരംഭിച്ചു. നവോത്ഥാന നായകരുടെ പേരിലായിരിക്കും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here