കൊല്ലം റയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം ഉദ്ഘാടനം ഇന്ന്

0
84
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മിച്ച രണ്ടാം പ്രവേശന കവാടം

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 7.47 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച രണ്ടാം പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും.രണ്ട് ദേശീയപാതകള്‍ക്ക് അഭിമുഖമായി പ്രവേശന കവാടമുള്ള സംസ്ഥാനത്തെ ആദ്യ റെയില്‍വേ സ്റ്റേഷനായി കൊല്ലം മാറും. കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് അഭിമുഖമായി, ചിന്നക്കട ക്രേവന്‍ സ്‌കൂളിന് എതിര്‍വശത്താണു രണ്ടാം പ്രവേശന കവാടം. ബുക്കിങ് ഓഫിസ്, സര്‍ക്കുലേറ്റിങ് ഏരിയ, 5 പ്ലാറ്റ് ഫോമുകള്‍ ബന്ധിപ്പിച്ചു നടപ്പാലം എന്നിവയാണു രണ്ടാം പ്രവേശന കവാടത്തിന്റെ ഭാഗമായി നിര്‍മിച്ചത്. ഇതിനു പുറമേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവയുമുണ്ട്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ഇത് ഉള്‍പ്പെടെ 8.5 കോടിയിലേറെ രൂപയൂടെ നിര്‍മാണമാണു നടന്നത്. ഇതിനു പുറമേ പഴയ സ്റ്റേഷന്‍ കെട്ടിടം നവീകരിച്ചു. നടപ്പാലത്തിന് 105 മീറ്റര്‍ നീളമുണ്ട്. 3.87 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ബുക്കിങ് ഓഫിസ്, സര്‍ക്കുലേറ്റിങ് ഏരിയ എന്നിവയുടെ നിര്‍മാണത്തിനു 3.38 ലക്ഷം രൂപ ചെലവഴിച്ചു. പ്രേമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 22 ലക്ഷം രൂപ ചെലവഴിച്ചാണു കമാനവും ചുറ്റുമതിലും നിര്‍മിച്ച് ഇല്യൂമനേറ്റഡ് ബോര്‍ഡ് സ്ഥാപിച്ചത്.കൊട്ടാരക്കര ഭാഗത്തു നിന്നുള്ളവര്‍ക്കാണു രണ്ടാം പ്രവേശന കവാടം ഏറെ സഹായകമാകുക. ദേശീയപാത 56ലൂടെ ചിന്നക്കട, പുതിയകാവ് ക്ഷേത്രം വഴി ചുറ്റിക്കറങ്ങിയായിരുന്നു സ്റ്റേഷനില്‍ പ്രവേശിച്ചിരുന്നത്. ഇനി അത് ഒഴിവാകും. കൊല്ലംതിരുമംഗലം ദേശീയപാതയില്‍ നിന്നു നേരിട്ടു സ്റ്റേഷനിലേക്കു പ്രവേശിക്കാം. ഇവിടെ ബുക്കിങ് ഓഫിസില്‍ ടിക്കറ്റ് എടുക്കാന്‍ സൗകര്യമുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേക പാതയും വാഹനങ്ങള്‍ക്കായി റോഡും നിര്‍മിച്ചു.വിശാലമായ പാര്‍ക്കിങ് സൗകര്യമാണ് രണ്ടാം പ്രവേശന കവാടത്തിന്റെ പ്രത്യേകത. 4300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്കിങ് സൗകര്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here