പൊലീസ് കമ്മീഷണറേറ്റിനെതിരെ ഐഎഎസുകാര്‍: അതൃപ്തി അറിയിച്ച് ഐപിഎസുകാര്‍

0
6

തിരുവനന്തപുരം: കേരള പൊലീസിന്റെ തലപ്പത്ത് വരുത്തിയ ഘടനാമാറ്റത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തി. ഘടന മാറ്റത്തില്‍ മന്ത്രിസഭ തീരുമാനമെടുത്തുവെങ്കിലും ഐപിസുകാരുടെ വിയോജിപ്പുകാരണം ഇതുവരെ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പൊലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കാതെ ഘടനമാറ്റമുണ്ടായതാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അതൃപ്തിക്ക് കാരണം.
ഇതേ തുടര്‍ന്ന് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതോടെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പല അധികാരങ്ങളും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും ഇതാണ് വിഷയം സങ്കീര്‍ണമാക്കുന്നത്. പൊലീസ് ഘടനയില്‍ മാറ്റവരുത്താന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടില്ല. പുതിയ ഘടന അനുസരിച്ച് ക്രമസമാധാന ചുമതല ഡിജിപിക്ക് കീഴിലെ ഒരു എഡിജിപിക്കായിരിക്കു. എഡിജിപിക്കു കീഴില്‍ വടക്ക്- തെക്ക് മേഖലയില്‍ രണ്ട് ഐജിമാരും,ഇവര്‍ക്കു താഴെ നാല് റെയ്ഞ്ചു കളില്‍ ഡിഐജിമാരുമാണ് ഉണ്ടാവുക. എന്നാല്‍ ഐപിഎസുകാരുടെ കടുത്ത എതിര്‍പ്പുകാരണം പുതിയ തസ്തികളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ കമ്മീഷണറേറ്റോടു കൂടിയുള്ള പുനസംഘടന വേണമെന്ന ഡിജിപിയുടെ ശുപാര്‍ശ നടപ്പാക്കാത്തതിലാണ് ഐപിഎസുകാരുടെ അതൃപതി. ഘടനമാറ്റത്തോടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു എഡിജിപിയുടെയും രണ്ട് ഐജിമാരുടെ തസ്തിക ഇല്ലാതായി. കമ്മീഷണറേറ്റ് സ്ഥാപിച്ചാല്‍ മാത്രമേ രണ്ട് ഐജിമാര്‍ക്കു കൂടി ക്രമസമധാന ചുമതല നല്‍കാന്‍ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് അഴിച്ചുപണി പൂര്‍ത്തിയാകാത്തതിനാല്‍ ചില ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകള്‍ ഡിജിപി സ്വന്തം നിലയില്‍ മാറ്റിയിരുന്നു. പക്ഷെ ഈ ചുമതകള്‍ ഏറ്റെടുക്കാനും ഐപിഎസുകാര്‍ തയ്യാറായില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഐപിഎസുകാര്‍ക്കിടയിലെ നീരസത്തെപ്പറ്റി അറിയിച്ചു. ഇതേ തുടര്‍ന്ന് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി പരിശോധിച്ചത്. ഐഎഎസുകാരുടെ അധികാരങ്ങള്‍ ഐപിഎസുകാര്‍ക്ക് നല്‍കുന്നതിലെ കടുത്ത എതിര്‍പ്പു കാരണമാണ് കമ്മീഷണറേറ്റ് വൈകുന്നത്. ഫയല്‍ പരിശോധിച്ച ശേഷം തിങ്കാളാഴ്ച തന്നെ കമ്മീഷണറേറ്റിന്റെ വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here