സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് പരാജയം; സച്ചിന്‍ ബേബി കേരളത്തിന്റെ ടോപ് സ്‌കോറര്‍

0
4

വിജയവാഡ: മുന്നോട്ടുള്ള പ്രയാണത്തിന് വിജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനോടു തോല്‍വി വഴങ്ങിയ കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്ത്. ആവേശം അവസാന ഓവറോളം കൂട്ടിനെത്തിയ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് കേരളത്തിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണെടുത്തത്. എന്നാല്‍, അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ആനന്ദ് സിങ് (72), സൗരഭ് തിവാരി (പുറത്താകാതെ 50) എന്നിവരുടെ മികവില്‍ അഞ്ചു പന്ത് ശേഷിക്കെ ജാര്‍ഖണ്ഡ് വിജയത്തിലെത്തി. ഇതോടെ ഗ്രൂപ്പില്‍നിന്ന് ഡല്‍ഹിക്കൊപ്പം ജാര്‍ഖണ്ഡും അടുത്ത റൗണ്ടിലെത്തി.
മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ബാറ്റു ചെയ്ത കേരളം 176 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ വിഷ്ണു വിനോദ് രോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് 48 റണ്‍സ് കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് സമ്മാനിച്ചത്. വിഷ്ണു 20 പന്തില്‍ നാലു ബൗണ്ടറി സഹിതം 27 റണ്‍സെടുത്തു. രോഹന്‍ 25 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 34 റണ്‍സെടുത്ത് പുറത്തായി.

23 പന്തില്‍ മൂന്നു ബൗണ്ടറിയു ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിനൂപ് ഷീല മനോഹരന്‍ 28 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എട്ടു പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 21 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ സ്‌കോര്‍ 170 കടത്തിയത്. ജാര്‍ഖണ്ഡിനായി രാഹുല്‍ ശുക്ല, വികാഷ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ഇഷാന്‍ കിഷനെ (അഞ്ചു പന്തില്‍ ഒന്ന്) മൂന്നാ ഓവറില്‍ത്തന്നെ നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറി നേടിയ ആനന്ദ് സിങ് ജാര്‍ഖണ്ഡിനു തുണയായി. 47 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 72 റണ്‍സാണ് ആനന്ദ് സിങ്ങിന്റെ സമ്പാദ്യം.
രണ്ടാം വിക്കറ്റില്‍ വിരാട് സിങ്ങിനൊപ്പം 71 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് ജാര്‍ഖണ്ഡ് ഇന്നിങ്‌സിന് അടിത്തറയിട്ട ആനന്ദ് സിങ്, മൂന്നാം വിക്കറ്റില്‍ സൗരഭ് തിവാരിക്കൊപ്പം 42 റണ്‍സും കൂട്ടിച്ചേര്‍ത്തു. വിരാട് സിങ് 29 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. തിവാരി 24 പന്തില്‍ രണ്ടു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി സന്ദീപ് വാരിയര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here