കര്‍ഷക ആത്മഹത്യ: ഹര്‍ത്താല്‍ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് യുഡിഎഫ്

0
8

തൊടുപുഴ:’കര്‍ഷക ആത്മഹത്യ’ യെന്ന പേരിലുള്ള മുതലെടുപ്പ് പൊളിയുമെന്ന് തിരിച്ചറിഞ്ഞതോടെ ഹര്‍ത്താല്‍ തീരുമാനത്തില്‍നിന്നും ഉള്‍വലിഞ്ഞ് യുഡിഎഫ്. ഹര്‍ത്താല്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയില്‍ ഒരുദിവസം ഉപവസിക്കുമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കലക്ടര്‍ക്ക് ഹര്‍ത്താല്‍ അപേക്ഷ സമര്‍പിച്ചശേഷമാണ് യുഡിഎഫിന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസമാണ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഹര്‍ത്താലിന് മുന്നോടിയായി അപേക്ഷ നല്‍കിയത്.
ഇക്കാര്യം കല്ലാര്‍ മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചു. ഞായറാഴ്ച ചേരുന്ന യുഡിഎഫ് യോഗം ഭാവി സമരപരിപാടികള്‍ തീരുമാനിക്കുമെന്നും പ്രതികരിച്ചു. അഞ്ച് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് സമരം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലാണെന്ന വിചിത്രമറുപടിയാണ് ഇബ്രാഹിംകുട്ടി കല്ലാറും യുഡിഎഫ് കണ്‍വീനര്‍ എസ് അശോകനും നല്‍കിയത്. പത്തു വര്‍ഷം മുമ്പെടുത്ത വായ്പകള്‍ക്കും ബാങ്കുകളില്‍ നിന്നും നോട്ടീസ് ലഭിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടി. ഇതിന് വ്യക്തമായ മറുപടിയുണ്ടായില്ല.
യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുമോ എന്ന ചോദ്യത്തിന് ”പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ” എന്നും പ്രതികരിച്ചു. പൊതുമേഖലാ ബാങ്കുകളെ ചൊല്‍പ്പടിക്ക് നിര്‍ത്താത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിച്ചു. മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. മാര്‍ച്ച് അഞ്ചിന് വില്ലേജ് ഓഫീസുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സമരം തീരുമാനിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമം ജനം തിരിച്ചറിഞ്ഞതോടെ നേതാക്കള്‍ അതും ഉപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here