എം.ജി കലോത്സവത്തില്‍ തിളക്കമാര്‍ന്ന നേട്ടവുമായി തൊടുപുഴ ന്യൂമാന്‍; 48 പോയിന്റോടെ അഞ്ചാംസ്ഥാനത്ത്

0
3
എം ജി കലോത്സവത്തില്‍ വിജയികളായ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍

തൊടുപുഴ : എംജി സര്‍വകലാശാല കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച്, വിജയശ്രിലാളിതരായ തൊടുപുഴ ന്യൂമാന്‍ കോളജ്.
മുന്‍ ചാംപ്യന്‍മാരായ എറണാകുളം മഹാരാജാസ് കോളജിനു തൊട്ടുപിന്നില്‍ 48 പോയിന്റോടെ ന്യൂമാന്‍ കോളജ് അഞ്ചാം സ്ഥാനം നേടി. ഇടുക്കികോട്ടയം ജില്ലകളിലെ കോളജുകളില്‍ ഏറ്റവും മികച്ച പ്രകടനമാണു ന്യൂമാന്‍ കോളജ് കാഴ്ചവച്ചത്.
സാഹിത്യ ഇനങ്ങളില്‍ കിരീട ജേതാക്കളായ എസ്എച്ച് തേവരയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു.
കലോത്സവത്തിലെ ആദ്യ ഇനമായ തിരുവാതിര കളിയില്‍ ഒന്നാം സ്ഥാനം നേടിയാണ് ന്യൂമാന്‍ കോളജ് വിജയ കുതിപ്പു നടത്തിയത്. മാര്‍ഗം കളിയിലും ഒപ്പനയിലും രണ്ടാം സ്ഥാനം നേടി. ഗ്രൂപ് നൃത്ത ഇനങ്ങളിലും ആധിപത്യം നേടി. വ്യക്തിഗത ഇനങ്ങളില്‍ 33 പേരും ഗ്രൂപ്പ് ഇനങ്ങളില്‍ 44 പേരുമാണ് പങ്കെടുത്തത്.അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ റെക്‌സിമോള്‍ മാത്യു മലയാള പ്രസംഗത്തിലും രണ്ടാം വര്‍ഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാര്‍ഥി ബി. കൃഷ്ണനുണ്ണി ഇംഗ്ലിഷ് ചെറുകഥാ രചനയിലും ഒന്നാം സ്ഥാനം നേടി. മിമിക്രിയില്‍ അറുപതോളം ആണ്‍കുട്ടികളോട് മത്സരിച്ച് ഒന്നാം വര്‍ഷ എംകോം വിദ്യാര്‍ഥിനിയായ ഐറിസ് ഏബ്രഹാം മൂന്നാം സ്ഥാനം നേടി. അഷ്‌കര്‍ അലി, സിദ്ധാര്‍ഥ് വൈലോപ്പിള്ളി, എബിന്‍ ജോളി എന്നിവര്‍ അടങ്ങിയ ടീം ക്വിസില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ഹിന്ദി കവിതാ രചനയില്‍ ജെ. ഗണേഷ് റാമും ഹിന്ദി പദ്യപാരായണത്തില്‍ റോമിസ്.പി. ടോമും മൂന്നാം സ്ഥാനം കരസ്ഥമാക്കി. മോഹിനിയാട്ടത്തില്‍ മീരാ രാജേഷും ശാസ്ത്രീയ സംഗീതത്തില്‍ എ.എസ്. ശ്രീലക്ഷ്മിയും മൂന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ റവ. ഡോ. വിന്‍സന്റ് ജോസഫ് അഭിനന്ദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here