രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തര്‍ക്കം മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി നിലപാടെടുത്തിരിക്കുന്നു. മൂന്ന് പേരടങ്ങുന്ന മദ്ധ്യസ്ഥ സമിതി ഫൈസാബാദ് ആസ്ഥാനമാക്കി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണം. സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും സീനിയര്‍ അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും അംഗങ്ങളാണ്. സമിതിക്ക് ആവശ്യമെന്നു കണ്ടാല്‍ കൂടുതല്‍ ആളുകളെ പാനലില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കാം. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് ഈ തീരുമാനം.
വര്‍ഷങ്ങളായി തുടരുന്ന അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ നിയമപരമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണോ പ്രശ്‌നം മദ്ധ്യസ്ഥരുടെ അഭിപ്രായത്തിനു വിട്ടതെന്ന് രാജ്യത്തെ എല്ലാ സാധാരണ ജനങ്ങളും സംശയിക്കാതിരിക്കുന്നില്ല. പുരാവസ്തു രേഖപ്രകാരവും ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിലും തെളിയിക്കാനാവാത്തതല്ല അയോധ്യയിലെ ഭൂമിത്തര്‍ക്കം. പക്ഷേ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സങ്കീര്‍ണ്ണമായ ഈ പ്രശ്‌നത്തില്‍ ഇടപെട്ട കോടതിക്ക് മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിനും കഴിയാതെ വരുന്നു. വ്യത്യസ്ത മത സ്ഥാപനങ്ങളും സംഘടനകളും ഉന്നയിക്കുന്ന അവകാശ വാദങ്ങളില്‍ അവരവരുടെതായ ന്യായങ്ങള്‍ നിരത്താനുള്ളതുകൊണ്ട് നിയമപരമായ ഒരു പരിഹാരത്തിന് പ്രസക്തിയില്ലെന്ന് പരിണത പ്രജ്ഞരായ ന്യായാധിപന്മാര്‍ക്ക് തോന്നിയിട്ടുണ്ടാവണം. നിയമപരവും വൈകാരികവുമായ വിഷയങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി തീരുമാനം കൈക്കൊള്ളുമ്പോള്‍ ഭാവിയില്‍ ഇവിടെ ജീവിക്കേണ്ടിവരുന്ന മനുഷ്യരേയും ഇപ്പോള്‍ ഇവിടെ കഴിയുന്നവരെയും ഏതു വിധത്തില്‍ ബാധിക്കും എന്ന് കണക്കിലെടുക്കേണ്ടതുണ്ട്. തര്‍ക്കഭൂമിയെക്കുറിച്ച് കോടതിയുടെ മുമ്പിലെത്തിയിട്ടുള്ള വ്യത്യസ്ത അവകാശ വാദങ്ങളിലൂടെ സൂക്ഷമമായി കടന്നുപോയ അഞ്ച് ന്യായാധിപന്മാര്‍ക്ക് കാര്‍ക്കശ നിയമം കൊണ്ട് പരിഹരിക്കേണ്ട പ്രശ്‌നമല്ല അയോധ്യയിലെ ഭൂമിതര്‍ക്കം എന്ന് ബോധ്യമുണ്ട്. അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെയും യു.പി സര്‍ക്കാരിന്റെയും എതിര്‍പ്പ് മറികടന്ന് മദ്ധ്യസ്ഥ തീരുമാനത്തിന് വിടാന്‍ ഒരുങ്ങിയത്. മൂന്നംഗ മദ്ധ്യസ്ഥ സമിതിയെക്കുറിച്ച് ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാകാനിടയില്ല. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയും ശ്രീ ശ്രീ രവിശങ്കറും ശ്രീറാം പഞ്ചുവും അവരവരുടെ മേഖലകളില്‍ ഉന്നത ശീര്‍ഷരാണ്. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും നിലവിലുള്ള സാമൂഹിക വ്യവസ്ഥയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് മൂന്ന് പേരും. അവരുടെ നിക്ഷ്പക്ഷത സര്‍വ്വരാലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അഭിപ്രായ ധീരതയും പുരോഗമന വീക്ഷണവുമുള്ളവരാണ് മൂന്ന് പേരും. ഒരാള്‍ ഭാരതീയ തത്വചിന്തയില്‍ അഗാധ ജ്ഞാനിയാണ്. ന്യായാന്യായങ്ങളെ ഇലക്ട്രോണിക്‌സ് ബാലന്‍സിന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് തീരുമാനമെടുത്തിട്ടുള്ള ന്യായാധിപനാണ് സമിതിയുടെ ചെയര്‍മാന്‍. നിയമകാര്യങ്ങളില്‍ അഗാധ പണ്ഡിതനും നിക്ഷ്പക്ഷനുമാണ് മറ്റൊരംഗം. ബാബറി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കത്തെപ്പറ്റി ഇതിനകം തന്നെ സ്വന്തം നിലയില്‍ അവരവരുടെതായ അഭിപ്രായവും വീക്ഷണവും മൂന്ന്‌പേരും സ്വരൂപിച്ചിട്ടുണ്ടാവണം. എന്നാല്‍ ഉത്തരവാദിത്ത ബോധത്തോടെ ഒരു സമിതിയില്‍ അംഗമായിരുന്ന് സുപ്രധാനമായ ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകളും ചെയ്യേണ്ട ഗൃഹപാഠങ്ങളും അന്വേഷണങ്ങളും അവര്‍ തീര്‍ച്ചയായും കൈക്കൊള്ളും. അതിനുവേണ്ടുന്ന എല്ലാ സഹായസഹകരണങ്ങളും സമിതിയുടെ മേല്‍ നിരീക്ഷണാധികാരമുള്ള സുപ്രീംകോടതി ഉറപ്പുവരുത്തുന്നതാണ്. ഫൈസാബാദില്‍ സമിതിക്കുവേണ്ടുന്ന ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന് ചീഫ് ജസ്റ്റീസ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടിവരുന്ന നിയമ സഹായങ്ങളും സമിതിക്ക് യഥാസമയം ലഭ്യമാക്കും. മദ്ധ്യസ്ഥ സമിതി നാലാഴ്ചയ്ക്കകം പ്രവര്‍ത്തനം തുടങ്ങി എട്ടാഴ്ചകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പരമോന്നത നീതിപീഠത്തിന് സമര്‍പ്പിക്കേണ്ടതാണ്.
പൊടുന്നനെ ഒരു ഉള്‍വിളിയോടെ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് എടുത്ത തീരുമാനമല്ല ഇത്. നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് രാജ്യത്തിന്റെ അന്തരാത്മാവിനെ കലുഷമാക്കുന്ന സുപ്രധാനമായ വിഷയത്തില്‍ ഒരു മദ്ധ്യസ്ഥ ശ്രമം നടത്താനുളള തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ബുധനാഴ്ച വാദം പൂര്‍ത്തിയാക്കി ഇന്നലെ മദ്ധ്യസ്ഥരെ തീരുമാനിച്ച് പ്രഖ്യാപിക്കുകയായിരുന്നു സുപ്രീംകോടതി. ഭൂമി തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി 26 ന് എട്ടാഴ്ചത്തേക്ക് കേസ് നീട്ടിവച്ചിരിക്കുകയാണ്. അതിനുള്ളില്‍ മദ്ധ്യസ്ഥന്മാരുടെ അഭിപ്രായം ലഭ്യമാകുകയാണെങ്കില്‍ നിയമപരമായും ധാര്‍മ്മികമായും കോടതിക്ക് ഒരു നിലപാട് എടുക്കാനാവും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു താര്‍ക്കിക പ്രശ്‌നത്തില്‍ ഇതിനേക്കാള്‍ ഉചിതമായി എന്ത് നിലപാടാണ് ഒരു ജനാധിപത്യ സമൂഹത്തിലെ ന്യായാസനത്തില്‍ സ്വീകരിക്കാനാവുക ? ഏത് കാര്യത്തിലും നിരവധി നിലപാടുകളും അഭിപ്രായങ്ങളും പൊന്തിവരുന്ന നമ്മുടെ സമൂഹത്തില്‍ എഴുതി വച്ച നിയമങ്ങളും കീഴ്‌വഴക്കങ്ങളും മാത്രം അവലംബിച്ചാല്‍ പോരാ എന്ന ഔചിത്യപൂര്‍ണ്ണമായ തീരുമാനമാണ് മാദ്ധ്യസ്ഥ ശ്രമം എന്ന് കരുതുന്നു. ഇതിലൂടെ ഈ തര്‍ക്ക വിഷയത്തില്‍ ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ നീതിപീഠത്തിനു കഴിഞ്ഞാല്‍ അത് ചരിത്രമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here