കുമ്മനത്തിന്റെ വരവില്‍ ഏറെ പ്രതീക്ഷ; ജയിച്ച് കയറാന്‍ കാര്‍ഡെല്ലാം പുറത്തെടുത്ത് ബിജെപി

0
2

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാട് ആര്‍എസ്എസ് നേതൃത്വവും ആവര്‍ത്തിച്ച് കൊണ്ടിരുന്നു.ഏറ്റവും ഒടുവില്‍ ഗ്വാളിയറില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയിലാണ് അന്തിമധാരണയുണ്ടായത്. സംഘടനാചുമതലയുള്ള രാംലാല്‍ അമിത്ഷായുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് രാജിവയ്ക്കാന്‍ പ്രധാനമന്ത്രി അനുമതി നല്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ ഉടന്‍ രാജിനല്കുന്നതാണ് ഉചിതമെന്നും വിലയിരുത്തി.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തിരിച്ചിറക്കുമ്പോള്‍ പാര്‍ലമെന്റ് സീറ്റില്‍ കുറഞ്ഞ മറ്റൊന്നും ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നില്ല. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അന്ന് കുമ്മനം സ്ഥാനം ഏറ്റെടുത്തത്. നിലവില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലോക്‌സഭാ സീറ്റു നേടാനുള്ള അന്തരീക്ഷമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.തിരുവനന്തപുരം പത്തനംതിട്ട എന്നീ സീറ്റുകളിലേക്കാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നു വന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയ്ക്ക് കുമ്മനത്തോടുള്ള അതൃപ്തിയാണ് മാറ്റിയതിലൂടെ പ്രകടമായതെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ കുമ്മനത്തെ ഭരണരംഗത്തേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്നായിരുന്നു ബിജെപി നേതാക്കളുടെ വിശദീകരണം. നിര്‍ണ്ണയാക തെരഞ്ഞെടുപ്പില്‍ ഒരു ഗവര്‍ണ്ണറെ തന്നെ രാജിവയ്പിച്ച് ബിജെപി എല്ലാ കാര്‍ഡുകളും പുറത്തിറക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here