മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

0
1

ഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മിസോറാമിന്റെ അധികചുമതല അസം ഗവര്‍ണര്‍ക്ക് നല്‍കി രാഷ്ട്രപതി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയര്‍ നേതാവിന്റെ മടങ്ങി വരവ്. കുമ്മനം മടങ്ങിയെത്തുന്നതോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയാരെന്ന ആകാംക്ഷയ്ക്കും അവസാനമാവുകയാണ്.

കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് കേരളത്തിലെ ആര്‍എസ്എസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി ദേശീയനേതൃത്വത്തെ അവര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരമെന്നും അവിടെ ഏറ്റവും സാധ്യത കുമ്മനം രാജശേഖരനാണെന്നുമാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

ആര്‍എസ്എസ് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ ആദ്യ പേര് കുമ്മനത്തിന്റേതായിരുന്നു. കുമ്മനം മത്സര രംഗത്തേക്ക് എത്തണമെന്ന ആഗ്രഹം നേരത്തേ ആര്‍എസ്എസ് ശക്തമായി പ്രകടിപ്പിച്ചിരുന്നു. ഇവര്‍ നടത്തിയ സര്‍വേയിലും കുമ്മനം തന്നെ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദത്തിന് ദേശീയനേതൃത്വത്തിന് വഴങ്ങേണ്ടി വരികയായിരുന്നു.

മടങ്ങിവരവ് കുമ്മനം ആഗ്രഹിച്ചിരുന്നതായും മിസോറത്തിലെ തിരക്കുകളാണ് രാജി തീരുമാനം നീട്ടിക്കൊണ്ടു പോയതെന്നും കുമ്മനം പ്രതികരിച്ചു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സാധ്യത കല്‍പ്പിക്കപ്പെടുന്ന എ പ്ളസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ഗണിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാല്‍ രണ്ടാമത് എത്തുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് ഒ രാജഗോപാല്‍ വിജയിക്കുകയും ചെയ്തതോടെ ബിജെപി പ്രതീക്ഷ സജീവമായിരിക്കുകയാണ്. 2009 നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെയും ശശി തരൂരിന്റെ ഭൂരിപക്ഷം ശക്തമായി കുറയാന്‍ ഇടയായതും ബിജെപിയെ മോഹിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് കരുത്തനായ സ്ഥനാര്‍ത്ഥി എത്തുന്നത് വിജയസാധ്യത കൂട്ടുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എല്‍ഡിഎഫ് സി ദിവാകരനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശശി തരൂര്‍ തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. കെ സുരേന്ദ്രന്‍, സുരേഷ്ഗോപി, കുമ്മനം എന്നിവരുടെ പേരുകളാണ് പറഞ്ഞുകേട്ടത്. ഇതില്‍ സുരേന്ദ്രന്‍ പത്തനം തിട്ടയില്‍ മത്സരിച്ചേക്കുമെന്ന സൂചന സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നേരത്തേ നല്‍കിയിരുന്നു. സുരേഷ്ഗോപിയാകട്ടെ സിനിമയുടെ തിരക്ക് മൂലം മത്സരിക്കാനില്ലെന്ന നിലപാടിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here