മാവോയിസ്റ്റുകള്‍ പെരുമാറിയത് മാന്യമായിട്ടാണെന്നും ആദ്യം വെടിയുതിര്‍ത്തത് പൊലീസെന്നും റിസോര്‍ട്ട് ജീവനക്കാര്‍;

0
4

വയനാട്: വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം വെടിവെച്ചത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍. മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചെന്ന പോലീസിന്റെ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. മാന്യമായിട്ടാണ് മാവോയിസ്റ്റുകള്‍ പെരുമാറിയതെന്നും വിവരം അറിഞ്ഞെത്തിയ പോലീസാണ് വെടിവെച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാത്രിയോടെ കോഴിക്കോട് – ബംഗലുരു ദേശീയപാതയ്ക്ക് അരികിലുള്ള ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ട് പരിസരത്തു വെച്ചായിരുന്നു ഏറ്റുമുട്ടല്‍.

സംഭവത്തില്‍ മാവോയിസ്റ്റ് നേതാവായ സി.പി. ജലീല്‍ (33) കൊല്ലപ്പെടുകയും സംഘാംഗമായ വേല്‍മുരുകന് പരുക്കേറ്റെന്നും സൂചനയുണ്ട്. അതേസമയം മാവോയിസ്റ്റുകള്‍ എത്തിയത് എങ്ങിനെയാണ് പോലീസ് അറിഞ്ഞതെന്ന് ജീവനക്കാര്‍ക്കറിയില്ല. രാത്രി 9.30 യോടെ റിസോര്‍ട്ടില്‍ എത്തിയ ഇവര്‍ ഭക്ഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു. ഇതിനായി അരമണിക്കൂര്‍ വേണമെന്ന് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞു. മാന്യമായിട്ടാണ് മാവോയിസ്റ്റുകള്‍ പെരുമാറിയതെന്നും ഉപദ്രവിക്കാനാല്ല വന്നതെന്നും ഇടപാടുകാര്‍ക്കോ ജീവനക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും അവര്‍ പറഞ്ഞു.

ഗസ്റ്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. ഇതിനിടയില്‍ പോലീസ് എത്തുകയും വന്നപാടെ വെടി ഉതിര്‍ക്കുകയുമായിരുന്നു. അതേ സമയം പണം ആവശ്യമായി വരുമ്പോള്‍ റിസോര്‍ട്ടുകളില്‍ എത്തി അക്കാര്യം ആവശ്യപ്പെടുന്ന രീതി അടുത്തകാലത്തായി മാവോയിസ്റ്റുകള്‍ സ്ഥിരമായി ചെയ്തു വരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് പോലീസിന്റെ ഇടപെടലെന്നാണ് വിലയിരുത്തല്‍. 50000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് ജലീലും വേല്‍മുരുകനുമാണ് റിസോര്‍ട്ടിലെത്തിയത്. മറ്റൊരാള്‍ പുറത്ത് കാവല്‍ നിന്നു. െകെയിലുള്ള തുക സമാഹരിച്ച് 10,000 രൂപ മാവോയിസ്റ്റുകള്‍ക്ക് നല്‍കിയെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴി. ബാക്കി തുകക്കായി പേശല്‍ നടക്കുന്നതിനിടെയാണ് രഹസ്യസന്ദേശം കിട്ടിയ പോലീസ് റിസോര്‍ട്ടിലേക്ക് ചീറിപ്പാഞ്ഞെത്തിയത്

കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീല്‍ കബനി നാടുകാണി ദളത്തിലെ അംഗമാണ്. മലപ്പുറം പാണ്ടിക്കാട് ചെറുകപ്പള്ളി പരേതനായ ഹംസയുടെ മകനാണ്. മരിച്ചത് ജലീലാണെന്നു സഹോദരന്‍ സി.പി. റഷീദ് സ്ഥിരീകരിച്ചു. കേരളത്തില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോയിസ്റ്റ് നേതാവാണ് ജലീല്‍. 2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജനെയും അജിതയെയും പോലീസ് വെടിവച്ചുകൊന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here