മൂന്നാം സീറ്റിനായി കടുംപിടുത്തമില്ല; ലീഗ് സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും

0
14

മലപ്പുറം: മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗ് നിലപാട് അയഞ്ഞതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തക സമിതിക്കു ശേഷം പ്രഖ്യാപിച്ചേക്കും. നിലവില്‍ എംപിമാരായ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറിന്റെയും പേരുകള്‍ക്കു തന്നെയാണ് മുന്‍ഗണന. ഇരുവരുടെയും മണ്ഡലങ്ങള്‍ വച്ചുമാറണമെന്ന് ഉന്നതാധികാരസമിതിയിലുണ്ടായ നിര്‍ദേശം 9ന് ചേരുന്ന പ്രവര്‍ത്തകസമിതി യോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയെയും ഒന്‍പതിനു പ്രഖ്യാപിച്ചേക്കും. നേരത്തേ അവിടെ മത്സരിച്ച എന്‍.കെ.അബ്ദുറഹിമാന്റെ പേരാണ് പരിഗണനയിലുള്ളത്. സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും.
ഇ ടി രണ്ടുതവണ പൊന്നാനിയെ പ്രതിനിധാനം ചെയ്തതിനാല്‍ അദ്ദേഹത്തെ മലപ്പുറത്തേക്കു മാറ്റി കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. പൊന്നാനിയില്‍ കഴിഞ്ഞതവണ കടുത്ത മത്സരം നടന്നതും വോട്ടുബാങ്കില്‍ വിള്ളല്‍ വീണതും ഇ ടി വിരോധികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.ടിക്കെതിരെ മത്സരിച്ചത്. ഇ.ടിയുടെ ഭൂരിപക്ഷം 25,410 വോട്ടാക്കി കുറയ്ക്കാനും ശക്തമായ മത്സരം കാഴ്ചവെക്കാനും അബ്ദുറഹ്മാന് സാധിച്ചു. മുന്‍ കോണ്‍ഗ്രസുകാരനായ അബ്ദുറഹിമാന് മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലുള്ള വ്യക്തിപരമായ സ്വാധീനവും ഇ ടിയെ പ്രതികൂലമായി ബാധിച്ചു. മുസ്‌ലിം സാമുദായിക വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന നേതാവെന്ന ഇമേജ് ഇ.ടിക്കുണ്ട്.ഇത് ഇതര സമുദായങ്ങളുടെ വോട്ട് ലഭിക്കാതിരിക്കാന്‍ കാരണമാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. എന്നാല്‍ ശരീഅത്ത്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ ഇ ടിയുടെ ഇടപെടല്‍ എല്ലാ മുസ്ലിം വിഭാഗത്തിന്റെയും പിന്തുണ നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ലമന്റെില്‍ അനിവാര്യമാണെന്നുമാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
മൂന്നാം സീറ്റുവേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം അടഞ്ഞ അധ്യായമല്ലെന്നും തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും ആണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിലുള്ള കടും പിടുത്തത്തില്‍ നിന്ന് ലീഗ് പിന്നോട്ടുപോയെന്ന് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here