എളമരംകടവ് പാലത്തിന് ശിലയിട്ടു

0
9
കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന എളമരം കടവ് പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വ്വഹിച്ച് സംസാരിക്കുന്നു

അരീക്കോട്: കോഴിക്കോട്-മലപ്പുറംജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. ഈവര്‍ഷം കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നനുവദിച്ച 800 കോടിയില്‍ 81 കോടിയും മലപ്പുറം ജില്ലക്കാണു നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ക്ക് ഭൗതിക സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പൊതുമരാമത്ത്‌വകുപ്പ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം പുതുമാതൃക സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. ടി.വി.ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 കോടിരൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. വാഴക്കാട്, മാവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ പാലം നിര്‍മിക്കുന്നതോടെ ഇരുജില്ലകളിലുമുള്ളവര്‍ ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ പുരോഗതി കൈവരിക്കും. കോഴിക്കോട്ടുനിന്നും മെഡിക്കല്‍ കോളേജില്‍നിന്നും മലപ്പുറത്തേക്കും പാലക്കാട് ഭാഗത്തേക്കുമെല്ലാമുള്ള ദൂരം ഗണ്യമായി കുറയും. വയനാട് ഭാഗത്തുനിന്ന് കരിപ്പൂരിലേക്കുള്ള ദൂരവും കുറയും.
35 മീറ്ററിലുള്ള 10 സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന് 350 മീറ്റര്‍ നീളവും 11.50 മീറ്റര്‍വീതിയുമുണ്ട്. വാഹന ഗതാഗതത്തിന് 7.50 മീറ്റര്‍വീതിയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയിലുള്ള നടപ്പാതകളും നിര്‍മ്മിക്കും. എളമരം ഭാഗത്ത് 200 മീറ്റര്‍ അനുബന്ധറോഡും എടവണ്ണപ്പാറ ജംങ്ഷന്‍ വരെയുള്ള റോഡും ബി.എം.ആന്റ്ബി.സി ചെയ്ത് പുനര്‍ നിര്‍മ്മിക്കും. മാവൂര്‍ ഭാഗത്ത് 200 മീറ്റര്‍ അനുബന്ധറോഡ് നിര്‍മ്മിക്കുന്നതോടൊപ്പം മാവൂര്‍ റോഡില്‍ സന്ധിക്കുന്ന ജംങ്ഷന്‍ അഭിവൃദ്ധിപ്പെടുത്തി ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. ആവശ്യമായ ഓവുപാലങ്ങള്‍, ഓടകള്‍, സംരക്ഷണ ഭിത്തികള്‍, ലൈറ്റ് സജജീകരണങ്ങള്‍എന്നിവയും നിര്‍മ്മിക്കും.
എം.പി മാരായ എം.കെ.രാഘവന്‍, എളമരം കരീം, ഇ.ടി.മുഹമ്മദ് ബഷീര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണ റോട്ട് ഫാത്തിമ, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജമീലടീച്ചര്‍, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ.ശറഫുന്നീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ജൈസല്‍ എളമരം, വിവിധ സംഘടന പ്രതിനിധികളായ കെ.രാമചന്ദ്രന്‍, കെ.വേദവ്യാസന്‍, എന്‍.പ്രമോദ്ദാസ്, പി.എ.ജബ്ബാര്‍ഹാജി, ഒ.കെ.അയ്യപ്പന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ ്എഞ്ചിനീയര്‍ കെ.മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ.സിമി എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here