മനസ്സ് വച്ചാല്‍ കരിമ്പാറയില്‍ നിന്നും വരള്‍ച്ചയെ നേരിടാം

0
8

തൊടുപുഴ : കേരളം മുഴുവന്‍ കനത്ത ചൂടിലും വരള്‍ച്ചയിലും കഷ്ടപ്പെടുമ്പോള്‍ മഴവെള്ള സംഭരണത്തിലൂടെ വരള്‍ച്ചയെ തോല്‍പിച്ച് ഉറവപ്പാറയില്‍ കണിയാപറമ്പില്‍ ബിജി ജോസഫ് .
തൊടുപുഴ പട്ടണത്തിന്റെ അതിരിട്ടു നില്‍ക്കുന്ന ഉറവപ്പാറയിലൂടെ വെറുതേ ഒഴുകിപ്പോകുന്ന മഴവെള്ളം സംഭരിച്ചതിലൂടെയാണ് വിജയം കൈവരിച്ചത്.
രണ്ടര കിലോമീറ്ററില്‍ നീണ്ടു കിടക്കുന്ന 80 അടി വീതിയും 200 അടി ഉയരവുമുള്ള കൂറ്റന്‍ മലയാണ് ഉറവപ്പാറ. മഴപെയ്യുമ്പോള്‍ ഈ പാറക്കെട്ടിന്റെ ഇരുവശത്തൂടെ വെള്ളം ധാരാളമായി ഒഴുകി പോകുന്നു. ഇതിനെ ഫലപ്രദമായി ഉപയോഗിച്ച് കൃഷിയും മീന്‍ വളര്‍ത്തലും നടത്തുകയാണ് ബിജി തന്റെ 50 സെന്റ് ഭൂമിയില്‍.
പാറയില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളത്തെ ഒരു ചെറിയ പാത്തിയിലൂടെ കടത്തിവിട്ട് 2 ഇഞ്ച് പൈപ്പിലൂടെ ഒഴുക്കി മഴവെള്ള സംഭരണിയില്‍ എത്തിക്കുകയാണ് ആദ്യം ചെയ്തത്. അതിനായി 40,000 ലീറ്ററിന്റെ ടാങ്കായിരുന്നു സ്ഥാപിച്ചത്. അവിടെ നിന്നു വെള്ളം 60,000 ലീറ്റര്‍ വീതം സംഭരണ ശേഷിയുള്ള 3 പടുതാക്കുളങ്ങളിലേക്ക് എത്തിക്കുന്നു.
ഈ 3 കുളങ്ങളിലും മീനുകളെ വളര്‍ത്തുകയാണ്.
മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഏത്തവാഴ കൃഷിയുമുണ്ട്. 2 ലക്ഷം രൂപയോളം ചെലവിട്ടെങ്കിലും ജലക്ഷാമം പരിഹരിക്കാനായത് വലിയ നേട്ടമായി ബിജി കരുതുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എന്‍ജിനീയറിങ് സെക്ഷനിലെ സീനിയര്‍ സൂപ്രണ്ടായ ബിജി ചുങ്കത്താണ് ഇപ്പോള്‍ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here