ജോസഫിനെ വെട്ടിയത് കേന്ദ്രമന്ത്രിസ്ഥാനം സുരക്ഷിതമാക്കാനുള്ള ജോസ് കെ മാണിയുടെ തന്ത്രം

0
1

കോട്ടയം: കേരളാകോണ്‍ഗ്രസില്‍ പിജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയ കെഎം മാണിയുടെ കരുനീക്കത്തിന് പിന്നില്‍ ജോസ് കെ മാണിയുടെ തന്ത്രം. രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ലോക്‌സഭാ സീറ്റിനായുള്ള ജോസഫിന്റെ അവകാശവാദത്തെ പ്രാദേശികവാദമുയര്‍ത്തിയാണ് വെട്ടിയത്. എന്നാല്‍ കേന്ദ്രത്തില്‍ മന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ തനിക്കെതിരാളിയായേക്കാവുന്നയാളെ മുളയിലെ നുള്ളിക്കളയുകയെന്ന തന്ത്രമായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ ജോസ് കെ മാണിയുടെ നീക്കത്തെ വിലയിരുത്തുന്നത്. പിജെ ജോസഫ് ജയിച്ചു വന്നാല്‍ സീനിയര്‍ നേതാവ് എന്ന നിലയില്‍ മന്ത്രിസ്ഥാനത്തിന് അവകാശമുയിച്ചേക്കാം. മാണിയോടുള്ള പക ഉള്ളില്‍ സൂക്ഷിക്കുന്ന കോണ്‍ഗ്രസും അത്തരമൊരു നീക്കത്തെ പിന്തുണച്ചേക്കാമെന്ന് മാണി മുന്നില്‍ കണ്ടു. ഇതാണ് തോമസ് ചാഴിക്കാടന് നറുക്കു വീഴാനുള്ള കാരണം.

രാജ്യസഭാ സീറ്റു നല്‍കിയതിനാല്‍ ലോക്‌സഭാസീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന ജോസഫിന്റെ സമ്മര്‍ദ്ദത്തെ ജില്ലയ്ക്കു പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാവില്ലെന്ന രീതിയിലുള്ള പ്രാദേശീകവാദത്തെ കൂട്ടുപിടിക്കുകയായിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റിയും മണ്ഡലം ഭാരവാഹികളും ഈ നിലപാട് സ്വീകരിച്ചു. പാലായിലെ വസതിയില്‍ കെ.എം. മാണിയും െവെസ് ചെയര്‍മാന്‍ ജോസ് കെ. മാണിയും പാര്‍ട്ടി മണ്ഡലം ഭാരവാഹികളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തത്.

ജോസഫ് വിഭാഗം ഒരിക്കലും പ്രതീക്ഷിക്കാത്ത കരുനീക്കമായിരുന്നു ഇത്. ലോക്‌സഭാ മണ്ഡലത്തിനു പുറത്തുനിന്ന് സ്ഥാനാര്‍ഥി വേണ്ടെന്ന് പാര്‍ട്ടിയില്‍ പ്രാദേശികതലത്തില്‍ രൂപപ്പെട്ടു പൊതുവികാരം കെ.എം. മാണി എഴുതിവാങ്ങി. ഇതോടെ ജോസഫ് കളത്തിന് പുറത്തായി. തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റ് പി.ജെ. ജോസഫിന് വിട്ടുകൊടുക്കില്ലെന്ന് മാണിവിഭാഗം നേരത്തേ തുറന്നുപറഞ്ഞിരുന്നു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി ഭാരവാഹികളില്‍ ഭൂരിഭാഗവും ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ തിരിഞ്ഞത് ഒറ്റ രാത്രി കൊണ്ടായിരുന്നു. മണ്ഡലത്തിലുളളയാള്‍ സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അതേസമയം, മാണിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് അസംതൃപ്തരാണ്. ഏറ്റുമാനൂരില്‍ പോലും ആവശ്യത്തിനു പിന്തുണയില്ലാത്ത ചാഴിക്കാടനെ കോട്ടയത്ത നിര്‍ത്തിയാല്‍ ഫലമെന്താവുമെന്ന് കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിന് മാണിയുടെ നീക്കത്തിലുള്ള അസംതൃപ്തിയിലാണ് ജോസഫും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here